ഷെഹ്‌ലയെ പാമ്പ് കടിച്ചതാണെന്ന് തന്നോട് ആരും പറഞ്ഞില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍
കല്‍പ്പറ്റ: ഷെഹ്ലയെ പാമ്പ് കടിച്ചതാണെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കെ. നാസര്‍. ആംബുലന്‍സില്‍ വെച്ചു കൂടെയുള്ളവര്‍ സംശയം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കാലിലെ ലക്ഷണങ്ങള്‍വെച്ചാണ് പാമ്പ് കടിച്ചതാണെന്ന് തനിക്കു മനസ്സിലായതെന്നും നാസര്‍ പറഞ്ഞു. പാമ്പ് കടിച്ചതായി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് ഇദ്ദേഹം. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതു മൂലമാണ് ഷഹ്ല മരിക്കുന്നത്. ഡോക്ടര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന ഡി.ഡി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം, വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തിരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്. സ്‌കൂളും പരിസരവും വൃത്തിയാക്കുക, ശുചിമുറിയിലേക്ക് പോകുന്ന വഴി, ശുചിമുറി, കളിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ പാമ്പോ ഏതെങ്കിലും തരത്തിലുള്ള ഇഴ ജന്തുക്കളോ ഉണ്ടെങ്കില്‍ അവയെ തുരത്താനുമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.