ന്യൂഡൽഹി:: മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രം. കേരളത്തിൽ നിന്നുള്ള എംടെക് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി എന്ന 23 വയസ്സുകാരൻ കൊല്ലപ്പെട്ടുവെന്നാണ് പത്രവാർത്ത വ്യക്തമാക്കുന്നത്. യുദ്ധമുഖത്തു വച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് സൂചന. നജീബ് സ്വന്തം ഇഷ്ടപ്രകാരം ഐഎസിൽ ചേർന്നതാണെന്നും, ചാവേറാക്രമണത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും വോയിസ് ഓഫ് ഖൊറാസൻ എന്ന പത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തില്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന മലപ്പുറം സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംടെക് വിദ്യാർത്ഥിയായിരുന്ന യുവാവിനെ അഞ്ച് വര്‍ഷം മുമ്പെയാണ് കേരളത്തിൽ നിന്ന് കാണാതെയായത്. പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് യുവാവ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രം വ്യക്തമാക്കുന്നു.
2017 ഓഗസ്റ്റ് 16-നാണ് നജീബ് ഇന്ത്യ വിടുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോയ നജീബ് അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്‍കുന്ന വിവരം. അഫ്ഗാനിസ്ഥാനിലെത്തിയ യുവാവ് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിലാണ് നജീബ് പാക്കിസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ യുദ്ധമുഖത്തേക്ക് പോയ നജീബ് ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.