നായ അടുക്കളയിലെ ടാപ്പ് ഓണാക്കാൻ പഠിച്ചു, വീട്ടുടമയ്ക്ക് നഷ്ടം നാലു ലക്ഷം രൂപ
ലണ്ടൻ:ഒരു നായ(Dog) കാരണം ലക്ഷങ്ങളുടെ നഷ്ട(Damages of over Rs 4 lakh)മാണ് യുകെയിലെ ഒരു കുടുംബത്തിന് ഉണ്ടായത്. നായ അടുക്കളയിലെ ടാപ്പ് എങ്ങനെ ഓണാക്കാമെന്ന് പഠിച്ചതാണ് വിനയായത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് നായ ടാപ്പ് തുറന്നിട്ടതിനെ തുടർന്ന് വീടിനുള്ളിൽ വെള്ളം കയറുകയും, നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
ലാബ്രഡോറിന്റെയും, ഗ്രേറ്റ് ഡെയ്‌നിന്റെയും ക്രോസ്സായ ലാബ്രഡേൻ ഇനത്തിൽ പെട്ടതാണ് നായ. വിസ്കി എന്നാണ് നായയുടെ പേര്. ഉടമകൾ വീട്ടിലില്ലാത്ത സമയമായിരുന്നെങ്കിലും, വീടിന്റെ സുരക്ഷാ ക്യാമറയിൽ നായയുടെ പ്രവൃത്തികൾ പതിഞ്ഞിരുന്നു. അങ്ങനെയാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. അടുക്കളയിലെ സിങ്കിൽ കൈകൾ വച്ചുകൊണ്ട് നായ പിൻകാലുകളിൽ നിൽക്കുന്നത് ക്യാമറയിൽ കാണാമായിരുന്നു. ഓൺലൈനിൽ പങ്കിട്ട ചിത്രത്തിൽ നായ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുന്നതും കാണാം. വീട്ടിലെത്തിയ വീട്ടുകാർ അന്ധാളിച്ചു. നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ, അവർ തങ്ങളുടെ ഇൻഷുറൻസ് കമ്പനിയായ അവിവയെ സമീപിച്ചു. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരമൊരു സംഭവം ഇത് ആദ്യമായാണ് എന്ന് കമ്പനി പറഞ്ഞു.
അതേസമയം യുകെയിലെ ഇൻഷുറൻസ് കമ്പനിക്ക് ഓരോ വർഷവും ഏകദേശം എണ്ണൂറോളം ആകസ്മികമായ അപകടങ്ങൾ മൂലമുള്ള ക്ലെയിമുകൾ ലഭിക്കുന്നു. അതും നായ്ക്കൾ മൂലമാണ് കൂടുതലും. വെള്ളം നിറച്ച ബക്കറ്റിൽ ലാപ്‌ടോപ്പ് ഇടുക, രണ്ട് ലിറ്റർ പെയിന്റ് നിറച്ച പാത്രം കോണിപ്പടിയിൽ തട്ടി മറിച്ചിടുക, ടിവി സെറ്റ് തട്ടിയിടുക തുടങ്ങിയ കാര്യങ്ങൾ നായ്ക്കൾ ചെയ്തതിനെ തുടർന്ന് ക്ലെയിമുകൾ ഉണ്ടാകാറുണ്ടെന്ന് ഇൻഷുറൻസ് കമ്പനി പറഞ്ഞു. എന്നാൽ അപ്പോഴും ഇത്തരമൊരു സംഭവം ഇത് ആദ്യമായാണ് എന്നവർ പറയുന്നു.
“യുകെയിലെ ദശലക്ഷക്കണക്കിന് വീടുകളിലെ പ്രിയപ്പെട്ട അംഗങ്ങളാണ് നായ്ക്കൾ. കുടുംബജീവിതത്തിന്റെ എല്ലാ മേഖലകളിലും അവ ഇടപെടുന്നു” അവിവയുടെ യുകെ പ്രോപ്പർട്ടി ക്ലെയിം ഡയറക്ടർ കെല്ലി വിറ്റിംഗ്ടൺ പറഞ്ഞു. ഇതുപോലെ 2020 -ൽ ഒരു പൂച്ച ടാപ്പ് ഓണാക്കാൻ പഠിച്ചതിനെ തുടർന്ന് ഉടമയുടെ വീട് വെള്ളത്തിൽ മുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. 26 -കാരിയായ ജാസ്മിൻ സ്റ്റോർക്ക് അര മണിക്കൂർ നേരത്തേയ്ക്ക് മാത്രമാണ് പുറത്ത് പോയത്. എന്നാൽ, ആ സമയം കൊണ്ട് പൂച്ച പണി പറ്റിച്ചു. ജാസ്മിൻ വീട്ടിലേക്ക് മടങ്ങി എത്തുമ്പോൾ, അവളുടെ സ്വീകരണമുറിയുടെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നത് കാണാനായി. “എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ സ്വീകരണമുറിയിലേക്ക് നടന്നപ്പോൾ വീട്ടിൽ നിറയെ വെള്ളം. ഞാൻ മുകളിലേക്ക് ഓടി. ടാപ്പ് തുറന്നിരിക്കുന്നു. വെള്ളം സിങ്കും കവിഞ്ഞ് ഒഴുകുന്നു. എല്ലായിടത്തും വെള്ളമായിരുന്നു” ജാസ്മിൻ ലാഡ്ബൈബിളിനോട് പറഞ്ഞു.