KeralaNews

യുവാവ് കാലുവഴുതി കൊക്കയിലേക്ക് വീണു:മലമ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

പാലക്കാട് മലമ്പുഴയില്‍ യുവാവ് കൊക്കയിലേക്ക് കാലുവഴുതി വീണു. മലമ്പുഴ സ്വദേശി ആര്‍. ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടി ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുമ്പും ഇവിടെ കാല്‍വഴുതി വീണ് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മല കയറിയിറങ്ങി. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്. ഇപ്പോള്‍ ബാബു കൊക്കയില്‍ കുടുങ്ങിയിട്ട് ഏതാണ്ട് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ എത്തിയിരുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാല്‍ നിബിഡമായ പ്രദേശത്ത് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല.

ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മടങ്ങി പോയത് രക്ഷാപ്രവര്‍ത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. ബാബുവിനെ ഇനി എങ്ങനെ പുറത്തെത്തിക്കുമെന്ന ആശങ്ക രക്ഷാ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. ഏതെങ്കിലും തരത്തില്‍ എയര്‍ ലിഫ്റ്റിംഗ് സാധ്യമായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍ നിന്നും എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സംഭവ സ്ഥലത്തെത്തിയിരുന്നു.

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണിത്.

കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്ന് ഏഴരയോടെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button