സംസ്ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം പിന്‍വലിച്ചു,സ്കൂളുകളും കോളജുകളും സാധാരണ നിലയിലേക്ക്
തിരുവനന്തപുരം:കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും പൂര്‍ണ തോതിലേയ്ക്ക്. 28 മുതല്‍ വൈകിട്ട് വരെ ക്ളാസുകള്‍ക്കുളള ഒരുക്കം നടത്താന്‍ വിദ്യഭ്യാസ വകുപ്പിന് കോവിഡ് അവലോകന യോഗം നിര്‍ദേശം നല്‍കി. ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു. ജില്ലകളില്‍ നിലവിലെ വര്‍ഗീകരണം തുടരും. ആറ്റുകാല്‍ പൊങ്കാല , മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്കും.
അമ്പതിനായിരം കടന്ന പ്രതിദിന കോവിഡ് വ്യാപനം മുപ്പതിനായിരത്തിന് താഴെയെത്തിയതോടെ പൂട്ടയച്ച് കേരളം. സ്കൂള്‍ മുറ്റങ്ങള്‍ 28 മുതല്‍ പഴയ ആരവങ്ങളിലേയ്ക്ക് മടങ്ങും. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ച് ക്ളാസുകള്‍ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന് നല്കിയിരിക്കുന്ന നിര്‍ദേശം. അതുവരെ പകുതി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ക്ളാസുകള്‍ നടത്തും. 28 മുതല്‍ കോളജുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലെത്തും.
ഇനിമുതല്‍ ഞായറാഴ്ച നിയന്ത്രണമില്ല. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ വിഭാഗത്തില്‍ തുടരും. കാസര്‍കോട് ഒഴികെ മറ്റെല്ലാ ജില്ലകളും ബി വിഭാഗത്തിലും . കാസര്‍കോട് നിയന്ത്രണങ്ങളില്ല. നിലവിലുളള ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ക്ക് ജില്ലകളില്‍ മാറ്റമില്ല. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം കൊണ്ടുവരും. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കും.