‘വാലിബന്‍’ മൂക്കുകുത്തി വീണോ? ആദ്യ നാലുദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി:കൃത്യമായി പറഞ്ഞാൽ നാല് ദിവസം കഴിഞ്ഞിരിക്കുകയാണ് മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തിട്ട്. ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിൻറെ ആദ്യ ദിനം ലഭിച്ചത്. മലയാളത്തിലെ മികച്ച ഓപ്പണിംഗ് കൂടിയായിരുന്നു ചിത്രം. 5.65 കോടി ആദ്യ ദിനം നേടിയ ചിത്രം ഇപ്പോൾ തീയ്യേറ്ററുകളിൽ എന്തെടുക്കുന്നു എന്നുള്ളതാണ് പരിശോധിക്കുന്നത്.
ബോക്സോഫീസ് കളക്ഷൻ ട്രാക്കർ വെബ്സൈറ്റായ https://www.sacnilk.com പങ്ക് വെക്കുന്ന കണക്കുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിനം 5.65 കോടിയെങ്കിൽ രണ്ടാം ദിനം കളക്ഷൻ 2.4 കോടിയായി ചുരുങ്ങി മൂന്നാം ദിനം 1.5 കോടിയും ഏറ്റവും അവസാനമായി നാലാം ദിനം 1.26 കോടിയാണ് ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ. ആകെ കണക്കിൽ മലയാളം ബോക്സോഫീസിൽ ചിത്രം നേടിയത് കേവലം 10.81 കോടിയാണെന്ന് കണക്കുകൾ പറയുന്നു.മൊത്തത്തിലുള്ള മലയാളം ഒക്യുപന്‍സി 18.97% ആണ്. ഇത് മൂന്നാം ദിവസം നേടിയതിനേക്കാള്‍ കുറവാണ് നാലാം ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്.
ഇതിനോടകം ചിത്രം ഇന്ത്യാ ഗ്രോസായി നേടിയത് 11.1 കോടിയും, ഓവർസീസ് കളക്ഷനായി 8 കോടിയും, വേൾഡ് വൈഡ് കളക്ഷനായി 19.1 കോടിയുമാണ് ചിത്രം നേടിയത്. 70 കോടിയോളം മുടക്ക് മുതൽ ചിത്രത്തിനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇങ്ങനെ വന്നാൽ ചിത്രം വലിയ നഷ്ടത്തിലേക്ക് പോകുന്നുവെന്ന് വേണം പറയാൻ.
സൂപ്പർതാര ചിത്രമായിട്ടും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിൻറെ കളക്ഷൻ കുറച്ചതെന്നാണ് വിലയിരുത്തുന്നത്. അവധി ദിവസങ്ങളിൽ പോലും ചിത്രത്തിന് മികച്ച പ്രകടം കാഴ്ചവെക്കാൻ സാധിച്ചില്ല. ചിത്രത്തെ നശിപ്പിക്കരുതെന്ന് കാണിച്ച് അതിനിടയിൽ ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു.
ലിജോ ഒരുക്കിയിരിക്കുന്ന മുത്തശ്ശിക്കഥയിലേക്ക് പ്രേക്ഷകനെ ആഴത്തിൽ പിടിച്ചിറക്കുകയാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും. ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ ആ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നതിൽ ടീം വിജയിച്ചു.മാസങ്ങളായി നീണ്ടുനിന്ന ഹൈപ്പിനോട് ചിത്രം 100% നീതി പുലർത്തുന്നു. ലിജോ 9 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതുപോലെ ‘നോ പ്ലാൻസ് ടു ചേഞ്ച്.. നോ പ്ലാൻസ് ടു ഇമ്പ്രസ്” എന്നത് ഈ ചിത്രത്തിലും ശരിവയ്ക്കുന്നു.
യാതൊരു ഹൈപ്പുമില്ലാതെ അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആദ്യ ദിനത്തില്‍ 2.8 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.രണ്ടാം ദിനത്തില്‍ 2.1 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ മൂന്നാം ദിനത്തില്‍. 3 കോടിയും നാലം ദിനം നാലുകോടിയും നേടി നാലുദിവസ കളക്ഷന്‍ 11 കോടി താണ്ടിയിരുന്നു.ഈ സ്ഥാനത്താണ് വന്‍ബജറ്റുള്ള മലക്കോട്ടൈ വാലിബന്റെ കിതപ്പ്.