മുംബൈ:സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരെയുള്ള വ്യാപക വീഡിയോസ് പ്രചരിക്കാറുള്ളതാണ്. സമാനമായ അനുഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. നടിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ കണ്ട് ഞെട്ടിയെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് രശ്മികയുടെ ഒരു ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ വീഡിയോയെ കുറിച്ചാണ് നടി സംസാരിച്ചത്. മാത്രമല്ല സ്ത്രീകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ അപകട സാധ്യതയെക്കുറിച്ചും രശ്മിക പറയുന്നു.
‘ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന എന്റെ ഡീപ്‌ഫേക്ക് വീഡിയോയെ കുറിച്ച് സംസാരിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനൊന്ന് പങ്കുവെക്കുന്നതില്‍ എനിക്ക് ശരിക്കും വേദന തോന്നുന്നുണ്ട. അത് മാത്രമല്ല സത്യസന്ധമായി പറഞ്ഞാല്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം എനിക്ക് മാത്രമല്ല ഇന്ന് വളരെയധികം അപകടങ്ങള്‍ക്ക് ഇരയാകുന്ന നമ്മളോരോരുത്തര്‍ക്കും അങ്ങേയറ്റം ഭയം നല്‍കുന്ന കാര്യമാണ്.
ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും, എന്റെ സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുകയാണ്.
എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇങ്ങനൊന്ന് സംഭവിച്ചതെങ്കില്‍, എനിക്കിത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മളില്‍ കൂടുതല്‍ പേരെ ഇത്തരം ഐഡന്റിറ്റി മോഷണം ബാധിക്കുന്നതിന് മുമ്പ് നമ്മള്‍ ഇതിനെ ഒരു സമൂഹമെന്ന നിലയിലും അടിയന്തിരമായും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്’, എന്നുമാണ് രശ്മിക പറഞ്ഞത്.
വളരെ ഇറക്കം കുറഞ്ഞതും ശരീരഭാഗങ്ങള്‍ കാണുന്നതുമായ കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടി കയറുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് പുറത്ത് വന്നത്. ഒറ്റനോട്ടത്തില്‍ തന്നെ വീഡിയോയില്‍ കാണുന്നത് രശ്മികയാണെന്ന് മനസിലാകും. എന്നാല്‍ മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ രശ്മികയുടെ മുഖം മോര്‍ഫ് ചെയ്തതായിരുന്നു.
സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സറിന്റെ വീഡിയോയാണ് രശ്മിക മന്ദാനയുടേതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുള്ള താരമാണ് സാറ പട്ടേല്‍. വീഡിയോ വൈറലായതിന് പിന്നാലെ ഇതൊരു ഫേക്ക് വീഡിയോ ആണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു.
വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡില്‍ നിന്നും നടന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
നടി രശ്മിക മന്ദാനയുടെ വീഡിയോ വൈറലായവുകയും സംഭവം വിവാദമായതിനും പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാരുമെത്തിയിരിക്കുയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇത് പാലിക്കുന്നില്ലെങ്കില്‍ ഇരയായ വ്യക്തിയ്ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറയുന്നു.