മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തിട്ടില്ല! രഞ്ജുഷ ആഗ്രഹിച്ചത് സമാധാനമാണ്, മരണത്തെ കുറിച്ച് നടി സരിത
കൊച്ചി:സീരിയല്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടി രഞ്ജുഷ മേനോന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ സമയം നടിയുടെ മരണത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നത്.
പലരും നടിയുടെ ലിവിംഗ് റിലേഷനെ അടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ രഞ്ജുഷയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സരിത മനസ് തുറന്നത്.
ഒരു പാചകപരിപാടിയില്‍ വച്ചാണ് താനും രഞ്ജുഷയും തമ്മില്‍ സൗഹൃദത്തിലാവുന്നത്. മൂന്ന് വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ പുറത്ത് വന്നതൊന്നുമല്ല അവളുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെന്നാണ് സരിത പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള ആളായിരുന്നില്ല രഞ്ജുഷ.
വീട്ടില്‍ നല്ല സാമ്പത്തികമുണ്ട്, രണ്ടു നില വീടാണ്. പിന്നെ ഒരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അടുത്തിടെ ആറ് സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീട് വച്ചു. അതിനി വാടകയ്ക്ക് കൊടുക്കാന്‍ പോവുകയാണെന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല. ഇനിയുണ്ടെങ്കില്‍ തന്നെ രണ്ട് സെന്റ് സ്ഥലം വിറ്റാല്‍ തീരാവുന്നതേയുള്ളു എന്ന് രഞ്ജുഷ എന്നോട് പറഞ്ഞിട്ടുണ്ട്.
തന്റെ പ്രശ്‌നങ്ങളൊക്കെ മാനസികമാണെന്നാണ് അവള്‍ പറഞ്ഞത്. നല്ലൊരു കുടുംബജീവിതം വേണമെന്ന് രഞ്ജുഷ ഏറെ ആഗ്രഹിച്ചിരുന്നു. കലാകാരി എന്നതിനെക്കാളും ഒരു കുടുംബിനിയാവണമെന്നാണ് അവളാഗ്രഹിച്ചത്. സീരിയല്‍ സംവിധായകനായ മനോജ് ശ്രീലകവുമായി അവള്‍ പരിചയപ്പെടുകയും അടുപ്പത്തിലാവുകുയം ചെയ്തു. പിന്നീട് അവള്‍ക്ക് ചില വര്‍ക്കുകള്‍ അദ്ദേഹത്തിലൂടെ ലഭിച്ചു.
മനോജും ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടി എല്ലാ മാസവും നല്ലൊരു തുക കൊടുക്കുന്നുണ്ടെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. ചില കമന്റുകളില്‍ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തു, അതിന്റെ പ്രാക്കാണ് അവള്‍ക്ക് കിട്ടിയത് എന്നൊക്കെ കണ്ടു. സത്യത്തില്‍ അങ്ങനെയല്ല.
രണ്ടാളും വേര്‍പിരിഞ്ഞ് വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്നതിനിടയിലാണ് പരിചയപ്പെടുന്നതും അടുക്കുന്നതും. ശേഷം ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. രണ്ടാളും ഡിവോഴ്‌സ് ചെയ്യാത്തത് കൊണ്ട് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ലിവിംഗ് റിലേഷനായി താമസിച്ചത്. ഇതൊക്കെയാണ് സത്യാവസ്ഥ.
കടം കൊണ്ടല്ല രഞ്ജുഷ ഇങ്ങനെ ചെയ്തത്. പിന്നെ മകള്‍ ലെച്ചുവിനെ അവള്‍ക്ക് ജീവനായിരുന്നു. അമ്മയെ കുറിച്ചും മകളെ കുറിച്ചുമൊക്കെ അവളെപ്പോഴും സംസാരിക്കുമായിരുന്നു. മരണത്തെ ഏറെ പേടിച്ചിരുന്ന ആളാണ് രഞ്ജുഷ. അടുത്തിടെ ആശുപത്രിയില്‍ പോയി ചെക്കപ്പ് ചെയ്തപ്പോള്‍ ബാക്ക് കൊളസ്‌ട്രോള്‍ കൂടുതലായിരുന്നു. അതുകാരണം മരിച്ച് പോകുമോ എന്ന് അവള്‍ ഭയപ്പെട്ടിരുന്നു. അങ്ങനൊരാളാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്തതെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
ഒത്തിരി വിദ്യാഭ്യാസവും കഴിവുകളുമുള്ള കുട്ടിയായിരുന്നു. നല്ലൊരു ജോലി കിട്ടിയാല്‍ ഈ മേഖലയില്‍ നിന്ന് മാറി മകളെയും കൊണ്ട് ജീവിക്കുമെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ അത്രയധികം ആഗ്രഹമുള്ള അവള്‍ എന്തിന് ഇങ്ങനെ ചെയ്തുവെന്ന് എനിക്ക് മനസിലാകുന്നില്ല. അതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റിടുന്നവരോട് ചിലത് പറയാനുണ്ട്.
അവള്‍ ആരുടെയും ജീവിതം തട്ടിയെടുത്തിട്ടില്ല. വേര്‍പിരിഞ്ഞ് നിന്നയാളുടെ കൂടെ അവളും കൂടി എന്നേയുള്ളു. ആരും രഞ്ജുഷയെ കുറ്റം പറയരുത്. നാളെ അവളുടെ മകള്‍ വളര്‍ന്ന് വരുമ്പോള്‍ ഇതൊക്കെ വായിക്കും. തന്റെ അമ്മയെ കുറിച്ചുള്ള മോശം കമന്റുകള്‍ ആ കുഞ്ഞിനെ വേദനിപ്പിക്കും. ഈ മേഖലയിലുള്ള ആരും രഞ്ജുഷയെ കുറിച്ച് ഇങ്ങനൊരു കാര്യം പറയില്ല. അറിയാത്ത കാര്യം ആരും പറയരുത്. അവളെന്റെ നല്ല കൂട്ടുകാരിയായിരുന്നു.
എല്ലാവരോടും പറയാനുള്ളത് അവള്‍ക്ക് പണവും വിദ്യാഭ്യാസവും നല്ലൊരു കുഞ്ഞുമൊക്കെ ഉണ്ട്. പക്ഷേ ഏതൊരു പെണ്‍കുട്ടിയെയും പോലെ അവളും ആഗ്രഹിച്ചത് മനസമാധാനമാണ്. അത് മാത്രം അവള്‍ക്ക് കിട്ടിയില്ല. അതുകൊണ്ടാണ് രഞ്ജുഷ പോയത്. അത്രയും മാത്രം നിങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്നാണ് സരിത പറയുന്നത്.