25.2 C
Kottayam
Friday, May 17, 2024

മഹീന്ദ്ര വാഹന ഉൽപാദനം നിർത്തിവയ്ക്കുന്നു, കാരണമിതാണ്

Must read

മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബർ മാസത്തിൽ 20-25 ശതമാനം വരെ മൊത്തം ഉൽപാദനത്തിൽ കുറവു വരുമെന്ന് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ആവശ്യമായ സൂപ്പർകണ്ടക്ടർ ചിപ്പുകൾ എത്താത്തതാണ് അടച്ചിടലുകളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ആഗോളതലത്തില്‍ ഇതേ പ്രതിസന്ധി നിലനിൽക്കുണ്ട്. മഹീന്ദ്രയുടെ ട്രാക്ടർ, ട്രക്കുകൾ, ബസുകൾ, ത്രീവീലർ എന്നിവയുടെ ഉൽപാദനത്തെയും കയറ്റുമതിയെയും ഇത് ബാധിക്കില്ല.

2020ൽ കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉൽപാദനം കുറഞ്ഞതാണ് ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്. വിവിധ മേഖലകളിൽ ഒരേ പ്രതിസന്ധിയായി ഇത് നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബറിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു. ഹരിയാന, ഗുജറാത്ത് പ്ലാൻറുകളിലെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയിരുന്നത്. ഇതേകാരണത്താല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും തീരുമാനിച്ചിരുന്നു.

നഷ്‍ടപ്പെട്ട വിൽപ്പന ഈ മാസം ആരംഭിക്കുന്ന ഉത്സവ സീസണിൽ വീണ്ടെടുക്കാം എന്ന ശുഭാപ്‍തി വിശ്വാത്തിലായിരുന്നു ഇന്ത്യന്‍ വാഹനലോകം. ഈ സമയത്താണ് ഇരുട്ടടിയായി ചിപ്പ് ക്ഷാമം തുടരുന്നത്. ഉത്സവ സീസണിൽ ഡിമാൻഡ് കുതിച്ചുയരുമ്പോൾ ചിപ്പ് വിതരണ ശൃംഖലയിലെ പ്രശ്‍നം കൂടുതൽ വഷളാകുമെന്ന് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‍സ് അസോസിയേഷൻ ഓഫ് ഇന്ത്യ (FADA) പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി ഓട്ടോകാറിനോട് പറഞ്ഞു. ശരാശരി, ജനപ്രിയ മോഡലുകൾക്കായി നിർമ്മാതാക്കൾക്കിടയിൽ രണ്ട് മുതൽ എട്ട് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ടെങ്കിലും ഡീസൽ കാറുകളെയാണ് ചിപ്പ് ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചതെന്നും ഗുലാത്തി പറയുന്നു.

വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.

നിലവിലുള്ള ലോക്ക് ഡൌണുകളില്‍ ഇളവുകൾ ലഭിച്ചതോടെ വാഹനം ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍, ചിപ്പ് ക്ഷാമം നിലവിലുള്ളതിനാൽ തന്നെ അതിനനുസരിച്ച് ഉത്പാദനം നടത്താന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന പ്രധാന വിഭാഗം കാര്‍ ഉത്പാദന മേഖലയാണ്. കോവിഡിനു ശേഷം വാഹനങ്ങളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. വാഹന പ്ലാന്റുകളിലെ ഉത്പാദനശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി.

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു. ടാറ്റ മോട്ടോഴ്സ്, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. സാംസങ് ഇന്ത്യ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്ഫോണ്‍ വിതരണം 70 ശതമാനം വരെ കുറഞ്ഞു.

ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ 61 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണത്തെ ബാധിക്കുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week