30 C
Kottayam
Friday, April 26, 2024

മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല’; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ

Must read

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.

രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ മോചിതനാകാൻ ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നതുപോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു. രാജ്നാഥിൻറെ പ്രസ്താവനയ്ക്കെതിരേ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചാണ് ബിജെപി അവതരിപ്പിക്കുന്നതെന്ന വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ സവർക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നായിരുന്നു ഒവൈസിയുടെ വിമർശനം.

സവർക്കർ മാപ്പ് അപേക്ഷ നൽകിയത് 1911ലും 1913ലുമാണ്. എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് 1915 ലാണ്. രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ശരിയാണെങ്കിൽ മഹാത്മാ ഗാന്ധി സവർക്കർ മാപ്പപേക്ഷ നൽകുന്നതിന് മുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരിക്കണം. ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല, അവർ ബ്രിട്ടീഷുകാരുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്തിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഗാന്ധി എഴുതിയ കത്തിന്റെ പകർപ്പ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week