NationalNewsPolitics

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിയ്ക്കാനൊരുങ്ങി ബി.ജെ.പി, പതിനെട്ടാം അടവുമായി ശിവസേന, കരുതലോടെ എൻ.സി.പിയും കോൺഗ്രസും

മുംബൈ : മഹാരാഷ്ട്രയിൽ ബിജെപി (BJP) നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചന നല്കി പാർട്ടി കേന്ദ്രനേതൃത്വം. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ടു പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ശിവസേനയിലെ പിളർപ്പിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടൽ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എംഎൽഎമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.

എല്ലാ എംഎൽഎമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വാടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. വിമത എംഎൽഎമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാർട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ വിലയിരുത്തൽ. 

കാര്യങ്ങൾ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒന്നുകിൽ ശിവസേന എംഎൽഎമാർ ബിജെപിയിൽ ചേർന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാർട്ടി നേതൃത്വം കരുതുന്നത്. സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ടു പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത. 

മഹാരാഷ്ട്രയിൽ നടക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ കള്ളക്കളിയാണെന്ന് കോൺഗ്രസ്. ബി ജെ പി വിരുദ്ധ സർക്കാരുകളെ അട്ടിമറിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും ജയറാം രമേശും ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അവർ വിമർശിച്ചു. മഹാരാഷ്ട്ര സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ മഹാ വികാസ് അഖാഡി സഖ്യം ഒരുമിച്ച് നിന്ന് പോരാടും. ബിജെപിയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്ഥിരതയുള്ള സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ശിവസേന അഘാഡി വിടുമെന്ന സഞ്ജയ് റാവത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് നേതാക്കൾ അറിയിച്ചു. എല്ലാത്തരം ചർച്ചകൾക്കും പാർട്ടി നേതൃത്വം തയ്യാറെന്നാണ് അദ്ദേഹം ശിവസേന എം എൽ എ മാരെ അറിയിച്ചത്. എംഎൽഎമാരുമായി ചർച്ച ചെയ്ത് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തണം എന്നാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടതെന്നും ഖാർഗെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker