പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം ചുമത്താനുള്ള നിയമമല്ല പോക്സോ; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൗമാരക്കാരായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിയ്ക്കെതിരെ പോക്സോ കേസ് ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍. വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ കൗമാരക്കാരനായ ആണ്‍കുട്ടിയ്ക്കെതിരെ പോക്സോ കേസ് ചുമത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വ്യാപകമാകുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് 20കാരനെതിരെ പോലീസ് പോക്സോ ചുമത്തിയ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ളതാണ് പോക്സോ നിയമം. എന്നാല്‍ ചിലര്‍ അതിനെ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ദുരുപയോഗം ചെയ്യുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും പ്രത്യേകിച്ചും പോക്‌സോ ആക്റ്റ് പോലുള്ള കര്‍ശനമായ നിയമത്തില്‍ അതുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളോ കുടുംബാംഗങ്ങളോ പരാതി നല്‍കിയ ശേഷം, തട്ടിക്കൊണ്ടുപോകല്‍, വിവിധ കുറ്റങ്ങള്‍ എന്നിവ ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു.

പോക്‌സോ നിയമപ്രകാരം കേസെടുത്ത നിരവധി ക്രിമിനല്‍ കേസുകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. അത്തരമൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അനന്തരഫലമായി ആണ്‍കുട്ടി അറസ്റ്റിലാകുകയും അതിനുശേഷം അവന്റെ യൗവനജീവിതം തകരുകയും ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News