24.7 C
Kottayam
Friday, May 17, 2024

‘പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും’; സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം എ യൂസഫലി

Must read

ദുബായ്:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ  യൂസഫലി. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നു ലുലു ചെയർമാൻ എം.എ.യുസഫലി. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുസഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ല.

സമൂഹമാധ്യമങ്ങളിൽ എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം മുന്നോട്ടു പോകും. സമൂഹമാധ്യമങ്ങളിൽ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്ന് യൂസഫലി.

310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നൽകുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം ദുബായിൽ‌ പറഞ്ഞു. ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട്  പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്‍റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരൻ വിജേഷ് പിള്ള സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അനുസരിച്ചില്ലെങ്കിൽ വകവരുത്തുമെന്നു പറയാൻ എം.വി.ഗോവിന്ദൻ നിർദേശിച്ചെന്നും യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളിൽ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസിൽ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.

  അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ വ്യവസായി എം എ  യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായി ഇ ഡി വൃത്തങ്ങൾ സ്ഥീരികരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെച്ച ചില ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week