26.3 C
Kottayam
Sunday, May 5, 2024

‘വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല, മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം’;ഗവർണർക്ക് കീഴടങ്ങില്ലെന്നും സിപിഎം

Must read

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും പറഞ്ഞ എം വി ഗോവിന്ദന്‍ ഗവർണർക്ക് കീഴടങ്ങില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ജനാധിപത്യത്തിൽ ഭരണഘടനാ തലപ്പത്തിരിക്കുന്ന ആൾ പ്രവർത്തിക്കുന്നതിന്‍റെ വീഴ്ചയാണ് ഗവർണർ തെരഞ്ഞെടുത്തവരെ മാത്രം വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിച്ച രീതിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങൾ ഭാഗിക വാർത്താ സമ്മേളനത്തിൽ പങ്കെടുക്കണമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കണമായിരുന്നു.

ഫാസിസ്റ്റ് രീതിക്ക് നിന്ന് കൊടുത്ത മാധ്യമ ശൃംഖലയെ ജനം ഗൗരവമായി കാണുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ചോദ്യം ചെയ്യാത്തവരെ മാത്രം അനുവദിക്കുന്നത് ജനാധിപത്യപരമല്ലെന്നും വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം.

നിസ്സാര വത്കരിക്കുന്നത് അടവാണ്. അത് ഗവർണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും ഉന്നത കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാട് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം നിർമ്മിച്ച നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഗവർണർ ചാൻസിലർ പദവിയിൽ ഇരിക്കുന്നത്‌ എന്നോർക്കണമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവർണറെ ചാൻസിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല.

നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഭരണപരവും നിയമപരവുമായ വഴിയിൽ ഗവർണർ വരണം. ഗവർണർക്ക് കീഴടങ്ങില്ലെന്നും യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week