കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ബാബുവിനെ തെരഞ്ഞെടുത്തത് റദ്ദാക്കി, വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് എം. സ്വരാജ് ഹൈക്കോടതിയില്‍ ഇലക്ഷന്‍ ഹര്‍ജി നല്‍കി. തൃപ്പൂണിത്തുറയില്‍ സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.
കെ. ബാബു 992 വോട്ടുകള്‍ക്കാണ് എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നെന്നും ഈ സ്ലിപ്പില്‍ കെ. ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പനൊരു വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപകമായി പ്രചാരണമുണ്ടായി. അയ്യപ്പന്റെ പേരു പരാമര്‍ശിച്ച് ചുവരെഴുത്തുകള്‍ നടത്തി. ഇതിനായി സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു.
അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ കെ. ബാബുവിന് വോട്ടു ചെയ്യൂ എന്നായിരുന്നു ചുവരെഴുത്തുകള്‍. ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞു വോട്ടു തേടിയ കെ. ബാബുവിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തെരഞ്ഞെടുപ്പു ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.