സ്വപ്‌നയുമായി സൗഹൃദം മാത്രം; സന്ദീപ് നായരെ അറിയില്ലെന്ന് എം. ശിവശങ്കര്‍

തിരുവനന്തപുരം: സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം മൊഴിനല്‍കിയത്. സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു.

ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ല. തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. പ്രാഥമിക മൊഴിരേഖപ്പെടുത്തലാണ് ചൊവ്വാഴ്ച നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയ ശേഷം കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News