കൊവിഡ് ആശങ്ക അകലുന്നു, ഇന്നുമുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്ന് കേരളം മുക്തമാകുന്നു . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നുമുതല്‍ പൊതുഗതാഗതം ഒഴിച്ച് ലോക്ഡൗണില്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ജില്ലകളില്‍ കാറ്റഗറി തിരിച്ചുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. ഗ്രീന്‍ കാറ്റഗറിയിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി കാറ്റഗറിയിലുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലുമാണ് ലോക്ഡൗണില്‍ ഇളവുവരുന്നത്. ഇതില്‍ ഓറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ ഭാഗിക ഇളവുകളാണ് അനുവദിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച 88 ഇടങ്ങളില്‍ ഒരു ഇളവുമില്ല.
ഓറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ഇളവ് പ്രാബല്യത്തില്‍ വരും. റെഡ് കാറ്റഗറിയിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സര്‍വിസ് ഉണ്ടായിരിക്കില്ല.
ഗ്രീന്‍ സോണില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ ആള്‍ക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങള്‍ക്ക് ഇളവ് ബാധകമല്ല.
അതേസമയം, വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്. 1,3,5,7,9 അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറക്കാം. 0,2,4,6,8 എന്നിവയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും റോഡിലിറക്കാം. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമേ ആ ദിവസം വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുള്ളു.
അടിയന്തര സന്ദര്‍ഭങ്ങളില്‍ നമ്പര്‍ വ്യത്യാസമില്ലാത്ത വാഹനങ്ങള്‍ അനുവദിക്കും. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഓടിക്കാനാവുക. ഓട്ടോ ഉള്‍പ്പെടെ ടാക്‌സി, കാബ് സര്‍വിസുകള്‍ക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ മാത്രമേ രണ്ടു പേരെ അനുവദിക്കൂ.
കോവിഡ് തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെങ്കിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാവിലക്ക് തുടരും. ഇപ്പോള്‍ എവിടെയാണോ, ആ സംസ്ഥാനം വിട്ടുപോകാന്‍ അവര്‍ക്ക് അനുവാദമില്ല. ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം തേടേണ്ടി വന്ന തൊഴിലാളികള്‍ തദ്ദേശ അധികൃതരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.