26.6 C
Kottayam
Saturday, May 11, 2024

സ്‌കൂളുകള്‍ അടഞ്ഞ് കിടക്കും, മെട്രോ ഓടില്ല, തീയേറ്ററുകള്‍ തുറന്നേക്കും; റിപ്പോര്‍ട്ട്

Must read

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കുമെന്ന് സൂചന. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവരികയാണ്. ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരുന്ന അണ്‍ലോക്ക് 3 മാര്‍ഗനിര്‍ദേശത്തില്‍ സിനിമാ തിയേറ്ററുകള്‍ക്കും ജിമ്മുകള്‍ക്കും ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളും മെട്രോ ട്രെയിന്‍ സര്‍വീസുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കില്ല.

ജൂലൈ 31 ന് അണ്‍ലോക്ക് രണ്ട് അവസാനിക്കാനിരിക്കേ, അവേശഷിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമോ അതോ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചേക്കുമെന്ന് സൂചനയുണ്ട്. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അണ്‍ലോക്ക് മൂന്ന് മാര്‍ഗനിര്‍ദേശത്തില്‍ സിനിമാ ഹാള്‍, ജിം എന്നിവയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ സിനിമാ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. നിയന്ത്രണങ്ങളോടെ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ നിലയില്‍ ജിമ്മുകള്‍ക്കും ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും അനുവദിക്കാതെ ജിം, സിനിമ തിയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുവദിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പകുതി സീറ്റുകളുമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തിയേറ്ററുകളെ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. എന്നാല്‍ ആദ്യം 25 ശതമാനം സീറ്റുകള്‍ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. മെട്രോ ട്രെയിന്‍ സര്‍വീസുകളും ഇപ്പോള്‍ വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാരെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം കേന്ദ്രം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week