ചെന്നൈ: പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുതായിരിക്കുകയാണ്. ഇതോടെ അനധികൃത മദ്യവില്പനയും പലയിടങ്ങളിലും വ്യാപകമായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം അനധികൃത മദ്യവില്‍പന നടത്തുന്നതു തടയാനെത്തിയ പോലീസ് സംഘത്തെ ചെന്നൈയില്‍ സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചു.
സെക്രട്ടേറിയേറ്റിന് സമീപം പുളിന്തോപ്പിലാണ് വനിതാ എസ്.ഐ അടക്കമുള്ള അഞ്ചുപൊലീസുകാരെ ഒരുകൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ സ്ത്രീകളടക്കം 11 പേര്‍ കൊലപാതക ശ്രമത്തിന് അറസ്റ്റിലായി. വിജനമായ തെരുവില്‍ തന്റെ കടയുടെ സമീപം മദ്യവില്‍പന നടത്തുന്നുവെന്നു ഒരു വ്യാപാരി ആണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വനിത എസ്.ഐയും ഒരു പോലീസുകാരനും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പരാതി ശരിയാണെന്നു ബോധ്യമായി.
മദ്യവില്‍പന നടത്തിയ മീശശേഖറെന്ന ഗുണ്ടയെ തൊണ്ടിസഹിതം പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനില്‍ വച്ച് ശേഖര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒട്ടേരിയിലെ ഇയാളുടെ വീട്ടില്‍ റെയ്ഡിനെത്തിയതായിരുന്നു വനിത എസ്.ഐ അടക്കമുള്ള ആറംഗ സംഘം. വനിത എസ്.ഐ സ്‌കൂട്ടറില്‍ മുന്നിലും ബാക്കിയുള്ളവര്‍ പിറകില്‍ മറ്റൊരു വാഹനത്തിലുമായിരുന്നു.
വീടിനു മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഉടനെ ശേഖറിന്റെ ഭാര്യയും മകളും മരുമകളും ആക്രമിക്കുകയായിരുന്നു. നിലത്തുവീണ എസ്.ഐയെ രക്ഷിക്കാനായി പിറകെ വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ എത്തിയപ്പോള്‍ അവര്‍ക്ക് നേരെയും സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ എസ്.ഐമാര്‍ അടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റു.ആക്രണം നടത്തിയ എട്ടുസ്ത്രീകളടക്കം 11 പേരെ പിന്നീട് പിടികൂടി.