KeralaNews

എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ്‌കുമാര്‍ സ്ഥാനമൊഴിയണമെന്ന് വിമതവിഭാഗം

തിരുവനന്തപുരം: എല്‍ഡിഎഫ് ഘടകക്ഷിയായ എല്‍ജെഡി പിളര്‍പ്പിലേക്ക്. എംവി ശ്രേയാംസ്‌കുമാറിന് അന്ത്യശാസനവുമായി വിമത വിഭാഗം രംഗത്തെത്തി. ശനിയാഴ്ചയ്ക്കകം എംവി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്ന് വിമത വിഭാഗം എല്‍ഡിഎഫിനെ അറിയിക്കും.

ഷേയ്ഖ് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിമത വിഭാഗമുന്നയിച്ചത്. എല്‍ഡിഎഫ് നേതൃയോഗം വിളിച്ചുചേര്‍ത്തിട്ട് ഒന്‍പത് മാസമായെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധ്യക്ഷന്‍ തയ്യാറാകുന്നില്ല.

മുന്നണയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്‍പ് പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജനാധിപത്യ രീതി ഉണ്ടായിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ വിഭാഗീയ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.

അതേസമയം സമാന്തര യോഗം ചേര്‍ന്നവര്‍ക്ക് സ്ഥാനമാനങ്ങളോട് ആര്‍ത്തിയാണെന്ന് എല്‍ജെഡി ഔദ്യോഗിക പക്ഷം വാദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ജെഡിയില്‍ ഉടലെടുത്ത ഭിന്നതകളാണ് തുറന്ന പോരിലെത്തിയത്. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശ്രേയാംസ്‌കുമാര്‍ പരിഗണിച്ചില്ലെന്നും വിമത നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ പാര്‍ട്ടിയിലെ ഏക എംപി കൂടിയായ ശ്രേയാംസ്‌കുമാറിനെ കൈവിടില്ലെന്ന നിലപാടാണ് ആദ്യഘട്ടം മുതല്‍ കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് നേതാക്കള്‍ വിമതയോഗം വിളിച്ചുചേര്‍ത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker