‘എന്റെ കോഴികളെ കൊണ്ടുപോയി കൊന്ന് കറിവെക്കരുത്’; ഏങ്ങലടിച്ച് കരയുന്ന കുരുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വേദനയാകുന്നു
സഹജീവികളോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാവാറുണ്ട്. കുട്ടികളെ കണ്ടുപഠിക്കാന്‍ പറയുന്നത് ഒരു സ്ഥിരം പല്ലവിയാണ്. തന്റെ ഓമനപ്പക്ഷികളെ ഒരു ദിവസം തന്റെ അടുത്ത് നിന്ന് ദൂരേയ്ക്ക് കൊണ്ടു പോകുന്നതിന്റെ പ്രതിഷേധം ഏങ്ങലടികളിലൂടെ പ്രകടിപ്പിച്ച ഒരു കുരുന്നിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിക്കിമില്‍ നിന്ന് പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വേദനയാകുന്നത്. തന്റെ വീട്ടിലെ കോഴികളെ കൊണ്ടു പോയി കൊന്ന് കറിവെക്കരുതെന്നാണ് കോഴികളെ കയറ്റിയ വണ്ടിയ്ക്ക് സമീപത്ത് നിന്ന് കുഞ്ഞ് കണ്ണീരോടെ അപേക്ഷിക്കുന്നത്. കുഞ്ഞിന്റെ കണ്ണീര്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും നൊമ്പരമാകുകയാണ്. വണ്ടിയിലെ കൂട്ടിലടച്ച കോഴികളെ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന് അവന് നല്ല നിശ്ചയമുണ്ട്. അടുത്ത് നില്‍ക്കുന്ന അച്ഛന്റെ ആശ്വാസവാക്കുകള്‍ ഒന്നും അവന്റെ സങ്കടത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നില്ല.
വാഹനത്തിന് സമീപം അങ്ങോട്ടുമിങ്ങോട്ടും നടന്നും നിലത്തിരിന്നും അവന്‍ പരിഭവം തുടരുകയാണ്. ഇടയ്ക്ക് ഒരു കോഴിയെ ചൂണ്ടിക്കാട്ടി അതിനെ പ്രത്യേകം ശ്രദ്ധിക്കണേയെന്ന മട്ടില്‍ എന്തൊക്കെയോ പറയുകയാണ് കുട്ടി. പുതിയ കോഴികളെ വാങ്ങി നല്‍കാമെന്ന അച്ഛന്റെ വാഗ്ദാനത്തില്‍ ഇടയ്‌ക്കൊന്ന് കരച്ചില്‍ നിര്‍ത്തുന്നുണ്ടെങ്കിലും തന്റെ കോഴികളെ കൊല്ലുമെന്ന ചിന്ത അലട്ടുന്ന മട്ടിലാണ് പെരുമാറ്റം.
കുഞ്ഞിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്. അവന്റെ നിഷ്‌കളങ്കമായ നല്ല മനസിനെ പ്രകീര്‍ത്തിച്ചവര്‍ അനവധിയാണ്. ഹൃദയസ്പര്‍ശിയായ വീഡിയോയെന്ന് ഒരാള്‍ കമന്റെ ചെയ്തപ്പോള്‍ വളര്‍ന്ന് വലുതാകുമ്‌ബോഴും അവന്റെ മനസ്സില്‍ സഹജീവികളോടുള്ള അനുതാപം ഉണ്ടായിരിക്കട്ടെയെന്ന് മറ്റൊരാള്‍ ആഗ്രഹം പ്രകടിപ്പിച്ചു.