കോട്ടയം. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൊന്നും ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ല. വില കുറഞ്ഞ മദ്യത്തിന് ക്ഷാമമായതോടെ മദ്യം വാങ്ങാനെത്തുന്നവരും ഷോപ്പിലുള്ളവരുമായി വാക്കേറ്റവും പതിവായി. രണ്ടാഴ്ചയിലേറെയായി ജില്ലയിൽ വില കുറഞ്ഞ മദ്യം കിട്ടാതായിട്ട്. ജനപ്രിയ ബ്രാൻഡുകളായ ജവാൻ, ഹണി ബീ, എൻസിബി തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. 200 കെയ്‌സുകൾ വന്നിരുന്ന സ്ഥാനത്ത് 20 മാത്രമാണ് വരുന്നതെന്ന് ജീവനക്കാർ പറയുന്നു. മദ്യം ക്വാർട്ടറായും കിട്ടാനില്ല.
ലിറ്ററിന് 650 മുതൽ 750 രൂപ വരെ വിലയുള്ള മദ്യത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. എന്നാൽ, 950 മുതൽ 1050 രൂപ വരെ വിലയുള്ളത് മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. 180 രൂപയ്ക്ക് ക്വാർട്ടർ വാങ്ങാൻ വരുന്നവർ 500 രൂപ നൽകി അര ലിറ്റർ വാങ്ങേണ്ടിവരുന്നു.
സ്പിരിറ്റിന് വില വർദ്ധിച്ചതോടെ പല കമ്പനികളും നിർമാണം കുറച്ചു. വില വർദ്ധിപ്പിക്കാതെ വിതരണം സാധാരണ നിലയിൽ ആക്കാനാകില്ലെന്നാണ് മദ്യക്കമ്പനികളുടെ നിലപാട്. എന്നാൽ പൂഴ്ത്തിവയ്പ്പ് നടത്തി വിലകൂട്ടാനുള്ള നീക്കമാണെന്നാണ് കുടിയൻമാരുടെ ആരോപണം.