സൽമാനെ കൊല്ലാൻ ലോറൻസ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നു
സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഷൂട്ടറെ അയച്ചിരുന്നുവെന്ന് ലോറന്‍സ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡ്. ലോറന്‍സ് ബിഷ്‌ണോയിയെ 2021-ല്‍ മുംബൈ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ സമ്പത്ത് നെഹ്‌റയോട് സല്‍മാനെ വകവരുത്തണമെന്ന് ബിഷ്‌ണോയി ആവശ്യപ്പെട്ടു.
സമ്പത്ത് നെഹ്‌റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമേ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ദൂരെ നിന്ന് സല്‍മാനെ വെടിവെയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ദിനേഷ് ഫൗജി എന്നൊരോളോട് ആര്‍കെ സ്പിങ് റൈഫിള്‍ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി അനില്‍ പാണ്ഡെ എന്നൊരാളുടെ പക്കല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷന്‍ നടന്നില്ല. 2011-ല്‍ റെഡി എന്ന സിനിമയുടെ സെറ്റില്‍വച്ചു സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ആയുധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു.
1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്.
സല്‍മാന്‍ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ കഴിഞ്ഞ ദിവസമാണ് വധഭീഷണി വന്നത്. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പോലീസ് പറഞ്ഞു. സലിം ഖാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നത്. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ് ബിഷ്‌ണോയിയിപ്പോള്‍. വധഭീഷണിയുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായും പഞ്ചാബ് പോലീസ് ഡി.ജി.പി. ഡി.കെ. ബാവ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായും പോലീസ് പറഞ്ഞു.