ഒരു തവണ മദ്യം വാങ്ങിയാല്‍ നാലു ദിവസം കഴിഞ്ഞ് അടുത്ത ക്വാട്ട,ക്യൂവില്‍ അഞ്ചുപേര്‍ മാത്രം,ആപ്പ് റെഡി, വില്‍പ്പന ചൊവ്വയോ ബുധനോ എന്ന് സൂചന

തിരുവനന്തപുരം:ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവ്.വെര്‍ച്വല്‍ ക്യൂവിലൂടെ ടോക്കണ്‍ എടുത്തു മദ്യം വാങ്ങുന്ന വ്യക്തിക്കു 4 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ടോക്കണ്‍ എടുത്തു മദ്യം വാങ്ങാനാകൂവെന്നു ബവ്‌റിജസ് കോര്‍പറേഷന്‍ ഇറക്കിയ ഉത്തരവില്‍ വ്യാക്തമാക്കുന്നു.

മദ്യത്തിനായി ബവ്‌കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിനു ക്യൂ ആര്‍ കോഡ് അധിഷ്ഠിതമായ ടോക്കണ്‍ ലഭിക്കും. ലൈസന്‍സി (ബവ്‌കോ വില്‍പനകേന്ദ്രം, ബാര്‍, ബീയര്‍ വൈന്‍ പാര്‍ലര്‍) മറ്റൊരു ആപ് ഉപയോഗിച്ച് ഇ ടോക്കണ്‍ ക്യുആര്‍ കോഡ് സ്‌കാനറിലൂടെ പരിശോധിച്ചു മദ്യം നല്‍കും.

എസ്എംഎസ് വഴി ബുക്കു ചെയ്യുന്നവര്‍ക്കു ഫോണില്‍ ടോക്കണ്‍ കോഡ് ലഭിക്കും. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ 6 അടി ശാരീരിക അകലം പാലിക്കണം. അവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണമുളളവരെയും ഇ ടോക്കണ്‍ ഇല്ലാത്തവരെയും മദ്യം വാങ്ങാന്‍ അനുവദിക്കില്ല. ക്യൂവില്‍ ഒരു സമയം 5 പേര്‍ മാത്രം. രാവിലെ 9 മുതല്‍ 5 വരെയായിരിക്കും വില്‍പന.

സര്‍ക്കാരിന്റെ വെര്‍ച്വല്‍ ക്യൂ അപ്പിലൂടെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂ. അബ്കാരി ചട്ടങ്ങളില്‍ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യൂ (ഒരാള്‍ക്കു 3 ലീറ്റര്‍). റെഡ് സോണിലെ സ്ഥലങ്ങളിലുള്ളവര്‍ക്ക് റെഡ് സോണില്‍ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടെയ്ന്‍മെന്റ് സോണിലോ ക്വാറന്റീന്‍ കേന്ദ്രമായോ ഉള്ള മദ്യശാലകള്‍ ആ വിവരം ബവ്‌റിജസ് കോര്‍പറേഷനെ അറിയിക്കണം.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടോക്കണിലൂടെയുള്ള മദ്യ വില്‍പന ബുധനാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച ആപ് ഇന്നലെ പുലര്‍ച്ചെ അപ് ലോഡ് ചെയ്തു. ഗൂഗിള്‍ അനുമതി ഉടന്‍ ലഭിക്കുമെന്നും നാളെ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ആപ് സജ്ജമാകുമെന്നാണു ബവ്‌കോയുടെ പ്രതീക്ഷ.

ആപ്പിന്റെ ശേഷിയും സുരക്ഷിതത്വവുമാണ് അംഗീകരിക്കേണ്ടത്. നേരത്തേ ഗൂഗിളിന്റെ ചോദ്യങ്ങള്‍ക്കു കമ്പനി മറുപടി നല്‍കിയിരുന്നു. സ്റ്റാര്‍ട്ടപ് കമ്പനിയുടെ പരിചയക്കുറവാണു മദ്യ വില്‍പന അനിശ്ചിതത്വത്തിലാക്കിയതെന്ന വിലയിരുത്തലിലാണു ബവ്‌കോ. തിരക്ക് ഒഴിവാകുമ്പോള്‍ ആപ് വഴിയുള്ള ടോക്കണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News