കൊവിഡ് രോഗബാധയെന്ന് സംശയം; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പോയ എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ ക്വാറന്റൈനില്‍

പാലക്കാട്: കൊവിഡ് 19 രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് കല്ലേപ്പുള്ളി സാരംഗി വീട്ടില്‍ ചെല്ലപ്പന്‍ നായരുടെ മകന്‍ പി.സി. രാധാകൃഷ്ണന്‍ നായരെ (58)യാണ് വീടിനു സമീപത്തെ നാളികേര ഷെഡിലെ ഇരുമ്പ് കഴുക്കോലില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം. ആറുമണിയോടെ ഉറക്കമുണര്‍ന്ന മൂത്തമകന്‍ അഖില്‍, അച്ഛനെ മുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഷര്‍ട്ടിന്റെ കീശയില്‍നിന്നും കണ്ടെത്തിയ കടലാസില്‍ തനിക്ക് കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നതായി എഴുതിയിട്ടുണ്ടെന്ന് ടൗണ്‍ നോര്‍ത്ത് പോലീസ് പറഞ്ഞു.

കൊവിഡ് സ്ഥിരീകരണത്തിനായി സ്രവം പരിശോധനയ്ക്കയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം വന്നതിന് ശേഷമേ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും.

ഇതേതുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പോയ ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ ഒരു എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രാധാകൃഷ്ണന്‍ നായര്‍ക്ക് കുറച്ചു ദിവസമായി തൊണ്ടവേദനയുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ ഗിരിജ ഏഴു വര്‍ഷം മുമ്പ് മരിച്ചു. മക്കളായ അഖില്‍, നിഖില്‍, ഭാര്യാമാതാവ് എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News