സംസ്ഥാനത്ത് മദ്യവില വർദ്ധനവ് ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും . ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ബുധനാഴ്ചയുണ്ടാകും. ബാറുകളും ഔട്ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍ വഴി മദ്യം വിറ്റു തിരക്കൊഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുപ്പി കൊണ്ടു വന്നാലെ കള്ള് കിട്ടൂ എന്നതടക്കം കര്‍ശന ഉപാധികളോടെയാണ് നാളെ മുതല്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുക. മദ്യം വാങ്ങുന്നതിനു ടോക്കണ്‍ ഏര്‍പ്പെടുത്താനുള്ള ബെവ്‌കോയുടെ മൊബൈല്‍ ആപ്പിന്റെ കാര്യത്തില്‍ ഇന്നു തീരുമാനമാകും.
മദ്യക്കടകള്‍ തുറന്നാല്‍ അനിയന്ത്രിതമായി തിരക്ക് ഉണ്ടാകുമെന്നുള്ള ഭയമാണ് ഇവ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനു പ്രധാന കാരണം. തിരക്കൊഴിവാക്കാന്‍ ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍ ,ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എന്നിവയിലൂടെ മദ്യവും, ബിയറും പാഴ്‌സലായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. സംസ്ഥാനത്ത് 265 ബവ് കോ ഔട്ലറ്റുകള്‍, 40 കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്പോള്‍ ഒരേ സമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍ നിന്നു മദ്യം പാഴ്‌സലായി ലഭിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം ലഭിക്കില്ല.
ഒരു കുപ്പി മദ്യത്തില്‍ ബവ് കോയ്ക്ക് ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകള്‍ക്കും പാര്‍ലറുകള്‍ക്കും ലഭിക്കും. എന്നാല്‍ ഇവിടെ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. നാളെ മുതല്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളില്‍ കുപ്പി കൊണ്ടുവന്നാലെ കള്ള് ലഭിക്കു. ഒരേ സമയം അഞ്ചു പേര്‍ മാത്രമെ വാങ്ങാന്‍ അനുവദിക്കു. സാമൂഹിക അകലം പാലിക്കണം. തൊഴിലാളികള്‍ മാസ്‌കും, കയ്യുറയും ധരിക്കണം, ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കാനും, വില്‍ക്കാനും പാടില്ല തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കി