FootballNewsSports

വിശ്വവിജയത്തിനുശേഷം മെസി നാളെ പാരീസില്‍,ഉജ്ജ്വല സ്വീകരണത്തിനൊരുങ്ങി പി.എസ്.ജി

പാരീസ്: ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് പിഎസ്ജി. ലിയോണല്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോറ്റത്. കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചതുമില്ല. ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം ആദ്യ മത്സരനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ലെന്‍സിന് എതിരെയുള്ള മത്സരം നഷ്ടമായത്. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി ഇതുവരെ പാരീസിലേക്ക് തിരികെ വന്നിട്ടില്ല. അര്‍ജന്റീനയിലെ പുതുവര്‍ഷ ആഘോഷത്തിന് ശേഷം മാത്രമേ മെസി ടീമിനൊപ്പം ചേരൂവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആഘോഷങ്ങളെല്ലാം കഴിഞ്ഞതോടെ മെസി നാളെ പാരീസിലെത്തും. ഇക്കാര്യം പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ലോകകപ്പ് നേടിയ ശേഷം ആദ്യമായി പാരീസിലെത്തുന്ന മെസിക്ക് ഏത് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് അര്‍ജന്റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണര്‍ത്തുന്നതാണ്.

ഇപ്പോള്‍ ഗാള്‍ട്ടിയര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ചൊവ്വാഴ്ച്ച മെസി പാരീസിലെത്തും. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫി സ്വന്തമാക്കിയ ശേഷമാണ് മെസി പാരീസിലെത്തുന്നത്. സീസണില്‍ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് മെസി. അക്കാര്യം ഞങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ആ കടപ്പാട് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മെസിയെ വലിയ രീതിയില്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്.” ഗാള്‍ട്ടിയര്‍ പറഞ്ഞു. 

നിശ്ചിത സമയവും അധിക സമയവും 3-3 സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരം പൂര്‍ത്തിയായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി.

പുതുവര്‍ഷം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഞെട്ടിക്കുന്ന തോല്‍വിയോടെയാണ് തുടങ്ങിയത്. ലെന്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജി തോറ്റത്. ലെന്‍സിനായി ഫ്രാന്‍ങ്കോസ്‌കി, ഓപ്പണ്‍ഡ, മൗറിസ് എന്നിവരാണ് ഗോള്‍ നേടിയത്.  ഇരുവരുമില്ലാതെ കളിച്ചപ്പോള്‍ എംബാപ്പെയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന വിര്‍മശനവും ഉയര്‍ന്നു.

മത്സരത്തെ കുറിച്ച് മുതിര്‍ന്ന സിപിഐ നേതാവും ഫുട്‌ബോള്‍ നിരീക്ഷനുമായ പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എംബാപ്പെയ്‌ക്കെതിരെയാണ് പന്ന്യന്റെ വിമര്‍ശനം. മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍ നേട്ടങ്ങളില്‍ പലതുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റേ ഫേസ്ബുക്ക് പേജിലാണ് പന്ന്യന്‍ അത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

അദ്ദേഹം പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഇന്നലെ ഫ്രഞ്ച് ലീഗില്‍ ചാംപ്യന്മാരായ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകര്‍ന്നു പോയത്. ഈ സീസണില്‍ തോല്‍വി അറിയാതിരുന്ന പി എസ് ജിയെ ലെന്‍സ് ആണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങളായ മെസിയും നെയ്മറും കളിച്ചില്ല. എംബാപ്പെക്ക് സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞുമില്ല. ഇപ്പോള്‍ ഒരുകാര്യം എംബാപ്പെക്ക് വ്യക്തമായികാണും.

മെസിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍ നേട്ടങ്ങളില്‍ പലതും. ഫുട്‌ബോള്‍ ഒരു ടോട്ടല്‍ ഗെയിം ആണ്. വ്യക്തി മികവുകള്‍ കൂടിചേരുംബോളാണ് ടീമിന്റെ വിജയം എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോള്‍ നേടാനുള്ള കഴിവും ഉണ്ട്. പക്ഷെ, അത് പ്രയോജനപ്പെടണമെങ്കില്‍ സഹതാരങളുടെ സഹായം കൂടിവേണം.” അദ്ദേഹം കുറിച്ചിട്ടു. പോസ്റ്റ് കാണാം…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker