FootballNewsSports

മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ അവിടെ നിലനില്‍ക്കുക പ്രയാസമാണ് റൊണാൾഡോയുമായി ഉണ്ടായിരുന്നത് മഹത്തായ മത്സരം; മനസ് തുറന്ന് മെസി

പാരീസ്: ഫുട്ബോള്‍ ആരാധകരുടെ വലിയ ചോദ്യത്തിന് ഉത്തരം നല്‍കി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ബാലണ്‍ ഡി ഓര്‍ നേട്ടത്തിനുശേഷം സ്പാനിഷ് മാധ്യമമായ എഎസിന് നല്‍കിയ അഭിമുഖത്തില്‍ മെസി മറുപടി നല്‍കിയത്. ഇപ്പോൾ എട്ടാമത്തെ ബാലൺ ഡി ഓർ നേടി, ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മൂന്നെണ്ണം കൂടുതല്‍, അപ്പോൾ നിങ്ങള്‍ തമ്മിലുള്ള മത്സരം ശരിക്കും അവസാനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മെസി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.

റൊണാള്‍ഡോയുമായുള്ളത് ഒരു ഇതിഹാസ പോരാട്ടമായിരുന്നു. കാരണം, ഞങ്ങള്‍ രണ്ടുപേരും നല്ല മത്സരബുദ്ധിയുള്ളവരാണ്. എല്ലാവരേയും എല്ലാറ്റിനെയും ജയിക്കാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. ഞങ്ങളെ രണ്ടുപേരെ സംബന്ധിച്ചും അത് ആസ്വാദ്യകരമായ പോരാട്ടമായിരുന്നു. ഈ മത്സരത്തിലൂടെ ഞങ്ങൾ രണ്ടുപേര്‍ക്കും ഒരുപാട് ഗുണങ്ങളുണ്ടായി. ഞങ്ങൾക്ക് മാത്രമല്ല പൊതുവെ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കും ഇത് വളരെ സുന്ദരമായൊരു കാലഘട്ടമായിരുന്നുവെന്ന് ഞാൻ കരുതുന്നു-മെസി മറുപടി നല്‍കി.

മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ അവിടെ നിലനില്‍ക്കുക പ്രയാസമാണ്. കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷമായി ഞങ്ങൾ മുകളിൽ തുടരുന്നു. ഇത്രയും കാലം തുടര്‍ന്നതിന് ഞങ്ങള്‍ രണ്ടുപേരും ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഇനി എത്രകാലം തുടരാനാകുമെന്ന് ഉറപ്പില്ല, കാരണം അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫുട്ബോൾ ആസ്വദിക്കുന്ന എല്ലാവർക്കും ഇതൊരു മഹത്തായ കാര്യവും മനോഹരമായ ഓർമ്മയുമാണെന്ന് ഞാൻ കരുതുന്നു-മെസി പറഞ്ഞു.

എട്ടാം ബാലണ്‍ ഡി ഓര്‍ കിട്ടുമോ എന്ന് ചിന്തിച്ചിട്ടില്ലെന്നും അത്തരം ചിന്തകളൊക്കെ നേരത്തെ ഉപേക്ഷിച്ചതാണെന്നും മെസി പറഞ്ഞു. ബാലണ്‍ ഡി ഓര്‍ കിട്ടുക എന്നത് എന്‍റെ ലക്ഷ്യമായിരുന്നില്ല. കരിയറിന്‍ ഇനി നേടാന്‍ ബാക്കിയൊന്നും ഇല്ലാത്ത കാലഘട്ടത്തില്‍ ബാലണ്‍ ഡി ഓര്‍ എന്‍റെ ലക്ഷ്യമോ സ്വപ്നമോ ആയിരുന്നില്ല. ഒരുപക്ഷെ ഇതെന്‍രെ അവസാന ബാലണ്‍ ഡി ഓര്‍ ആയിരിക്കും. കരിയറില്‍ ഈ ഘട്ടത്തില്‍ പരമാവധി ആസ്വദിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിലെനിക്ക് സന്തോഷമുണ്ട്-മെസി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker