തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് തന്നെ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷിന് പദ്ധതിയില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചെന്ന വെളിപ്പെടുത്തല്‍ വിജിലൻസ് തള്ളുന്നില്ല. പകരം കമ്മിഷൻ കൈപ്പറ്റിയോയെന്നു കണ്ടെത്താൻ സെക്രട്ടേറിയറ്റിലേതടക്കം വവിധ വകുപ്പുകളിലെ ഫയലുകൾ വിശദമായി പരിശോധിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി.
പദ്ധതിയിൽ ക്രമക്കേടു നടന്നോ, ഉദ്യോഗസ്ഥരും മറ്റും കമ്മിഷൻ വാങ്ങിയോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ ലൈഫ് മിഷൻ, സെക്രട്ടേറിയറ്റ്, തദ്ദേശഭരണ വകുപ്പ്, യൂണിടാക്, സെയ്ൻ വെഞ്ച്വേഴ്സ് എന്നിവയുടെ ഫയലുകൾ പരിശോധിച്ചാലേ സാധിക്കു. ലൈഫ് മിഷൻ പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിടും മുൻപു സർക്കാർ നയതീരുമാനം എടുത്ത് ഉത്തരവു പുറപ്പെടുവിക്കണമെന്നു നിയമ വകുപ്പ് ശുപാർശ ചെയ്തിരുന്നു. പക്ഷേ, അതൊന്നും ഉണ്ടായില്ലെന്നു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ലൈഫ് മിഷന്‍ പദ്ധതിയിലെ വിദേശ ഫണ്ടിന്റെ കാര്യം കേന്ദ്രത്തെ അറിയിച്ചില്ല എന്നതും വിജിലൻസ് ശരിവച്ചു. സ്വപ്നയുടെയും സന്ദീപ് നായരുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതിനായി എൻഐഎ കോടതിയെ സമീപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.