KeralaNews

സന്തോഷവാര്‍ത്ത,റേഷന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടവരെയും,ലൈഫ് പദ്ധതി ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം:റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ട അര്‍ഹത ഉള്ളവരെ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ മാര്‍ച്ച് 31 വരെ പുതുതായി റേഷന്‍ കാര്‍ഡ് ലഭിച്ച അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മിഷന്‍ യോഗത്തിലാണ് തീരുമാനം.

2017 ലെ സര്‍വേയില്‍ ഒഴിവായ അര്‍ഹരെ കണ്ടെത്താനുള്ള മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി. ഭവന നിര്‍മാണത്തിന് 500 കോടി രൂപ വായ്പ എടുക്കും.പട്ടിക ജാതി-വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട ഭൂമി ഉള്ളതും ഇല്ലാത്തുമായ ഗുണഭോക്താക്കളുടെ പട്ടിക മിഷനു കൈമാറിയിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം.

ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിടമിഷന്‍ രൂപീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button