കൊച്ചി:മലയാളികളുടെ സമ്പാദ്യം കൊള്ളയടിക്കാന്‍ എല്‍ഇഡി ബള്‍ബുകളുമായി പുതിയ തട്ടിപ്പുകാര്‍ രംഗത്ത്. ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ നാഷണല്‍ ക്രൈം ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
സൗജന്യ നിരക്കില്‍ എല്ഇഡിബള്ബുകള് വീട്ടിലെത്തിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. പത്ത് എല്‍ഇഡി ബള്‍ബുകളാണ് പത്ത് രൂപപ്രകാരം സംഘം വീടുകളിലെത്തിച്ചു നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായതിനാലാണ് ഇത് വീടുകളില്‍ സൗജന്യ നിരക്കില്‍ നല്‍കുന്നതെന്ന് പറഞ്ഞാണ് വിതരണം.
ഏതുകാര്യത്തിനും മുന്‍കരുതല്‍ സ്വീകരിക്കാറുള്ള മലയാളികള്‍ പത്തുരൂപതോതില് ബള്‍ബുകള്‍ ലഭിക്കുന്നതോടെ ഇതിന് പിന്നിലെ ചതിക്കുഴികള്‍ ചിന്തിക്കാന്‍ മറന്നുപോകും. ഇതുതന്നെയാണ് തട്ടിപ്പുകാരുടെ ലക്ഷ്യവും.പത്തുരൂപതോതില് വാങ്ങുന്നത് സര്‍വീസ് ചാര്ജായിട്ടാണെന്നും ബള്‍ബുകള്‍ സര്‍ക്കാരിന്റെ വക സൗജന്യമാണെന്നുമാണ് ഇവര്‍ വീടുകളിലെത്തി പറയുന്നത്.
ബൾബുകൾ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെ കോപ്പിയും വിരലടയാളവും ആവശ്യപ്പെടും. ആധാറിന്റെ കോപ്പിയില്ലെങ്കില് ഇതിന്റെ ഫോട്ടോ മൊബൈല്ഫോണിലെടുക്കും.വീട്ടുകാര്‍ ബള്‍ബുകള്‍ കൈപ്പറ്റിയതിന് തെളിവായിട്ടാണ് ആധാറും വിരലടയാളവും ശേഖരിക്കുന്നതെന്നാണ് വിശദീകരണം.
ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ആധാര്‍കാര്‍ഡോ വിരലടയാളങ്ങളോ നല്കി ഈ തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.