26 C
Kottayam
Friday, May 17, 2024

മുന്നണിയെ ഉലച്ച്‌ ‘എയർപോഡ് മോഷണം’ പാലാ നഗരസഭ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം എൽഡിഎഫിന് നഷ്ടമായി

Must read

കോട്ടയം: പാലാ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തോല്‍വി. എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയില്‍ യു.ഡി.എഫ്. അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി.

എയര്‍പോഡ് മോഷണത്തിലെ പരാതിക്കാരനായ ജോസ് ചീരാങ്കുഴിയാണ് പരാജയപ്പെട്ടത്. മോഷണത്തില്‍ ആരോപണവിധേയനായ സി.പി.എം. കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അംഗമായ ജോസ് ചീരാങ്കുഴി പരാജയപ്പെട്ടത്.

അതേസമയം, എയര്‍പോഡ് മോഷണം ഒതുക്കി തീര്‍ക്കാത്തതിന്റെ പേരിലാണ് സി.പി.എം. അംഗങ്ങള്‍ തന്നെ തോല്‍പ്പിച്ചതെന്ന് ജോസ് ചീരാങ്കുഴി ആരോപിച്ചു.

കൗണ്‍സില്‍ യോഗത്തില്‍നിന്ന് കാണാതായ തന്റെ എയര്‍പോഡ് ബിനു പുളിക്കക്കണ്ടമാണ് മോഷ്ടിച്ചത് എന്നായിരുന്നു ജോസ് ചീരാങ്കുഴിയുടെ ആരോപണം. ഇതിന് തന്റെ കൈയില്‍ ഡിജിറ്റല്‍ തെളിവുണ്ടെന്നും ജോസ് അവകാശപ്പെട്ടിരുന്നു. എയര്‍പോഡ് മാഞ്ചസ്റ്ററിലേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലാ നഗരസഭാ കൗണ്‍സിലില്‍ ഭരണസഖ്യത്തിലെ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെ പരിഗണിച്ച തീരുമാനം സി.പി.എമ്മിന് മാറ്റേണ്ടിവന്നിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ്. സ്വതന്ത്ര ജോസിന്‍ ബിനോ ഇവിടെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week