മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേര്‍ക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി. പന്‍വേലിലാണ് സല്‍മാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകളും വാങ്ങിയിരുന്നു.
സംഭവത്തില്‍ നവി മുംബൈ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാംഹൗസിന് സമീപത്തുവെച്ച് കാര്‍ നിര്‍ത്തിച്ച് എ.കെ. 47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനായിരുന്നു പദ്ധതി. ബിഷ്‌ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ ധനഞ്ജയ് താപ്‌സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്‍, റിസ്‌വാന്‍ ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ഫാം ഹൗസിന് സമീപത്തും സല്‍മാന്റെ ഷൂട്ടിങ് ലൊക്കേഷന്‍ പരിസരത്തും നിരീക്ഷണം നടത്തിയെന്നാണ് വിവരം.
നിലവില്‍ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ബന്ധു അന്‍മോല്‍ ബിഷ്‌ണോയിയും ചേര്‍ന്ന് പാകിസ്താനി ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകള്‍ വാങ്ങിയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എ.കെ. 47 ഉള്‍പ്പെടെയുള്ളവയാണ് വാങ്ങിയത്. സല്‍മാന്റെ വാഹനത്തിനു നേര്‍ക്കോ അല്ലെങ്കില്‍ ഫാം ഹൗസിന് നേര്‍ക്കോ ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സല്‍മാന്റെ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഗൂഢാലോചനയെ കുറിച്ചുള്ള വിവരം പുറത്തെത്തുന്നത്. അന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.