28.3 C
Kottayam
Saturday, April 27, 2024

പാവാട അണിഞ്ഞ് വിദ്യാർത്ഥി ക്ലാസിൽ ,പിന്നാലെ അധ്യാപകരും

Must read

മാഡ്രിഡ്:സ്‌പെയിനില്‍ മാസങ്ങളായി ഏറെ വ്യത്യസ്തമായൊരു പ്രതിഷേധപരിപാടി നടക്കുകയാണ്. ലിംഗഭേദം അനുസരിച്ചും, ലൈംഗികതയെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം വേര്‍തിരിവ് വരുന്ന സാമൂഹിക സദാചാരത്തെ വെല്ലുവിളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന വലിയ സംഘമാണ് ഈ പ്രതിഷേധപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ മൈക്കല്‍ ഗോമസ് എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി സ്ത്രീവിമോചനത്തിന്റെ സന്ദേശവുമായി സ്‌കൂളിലേക്ക് പാവാട ധരിച്ചെത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്ലാസിലേക്ക് പാവാട ധരിച്ചെത്തിയ മൈക്കലിന് മാനസികപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി ചില അധ്യാപകര്‍ ചേര്‍ന്ന് അവനെ ബലമായി കൗണ്‍സിലിംഗിന് വിധേയനാക്കി.

പിന്നീട് മൈക്കല്‍ തന്നെ ഇക്കാര്യം വിശദീകരിച്ച് ഒരു ടിക് ടോക് വീഡിയോ പുറത്തിറക്കി. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. മൈക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് ആണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്തി. ഇതിന് ശേഷം ചില അധ്യാപകരും ഇവര്‍ക്കൊപ്പം കൂടി.

20 കൊല്ലം മുമ്പ് സമാനമായൊരു പ്രശ്‌നം നേരിട്ടയാളാണ് ഞാന്‍. എന്റെ ലൈംഗികതയെ ചോദ്യം ചെയ്തുകൊണ്ട് അന്ന് പലരും എന്നെ അപമാനിച്ചിരുന്നു. ഇന്ന് അതേ സ്‌കൂളില്‍ ഞാന്‍ അധ്യാപകനാണ്. പലപ്പോഴും അധ്യാപകരും മറ്റൊരു രീതിയിലാണ് ഇക്കാര്യങ്ങളെയെല്ലാം നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ ഞാന്‍ മൈക്കലിനൊപ്പം നില്‍ക്കുന്നു…’ അധ്യാപകനായ ജോസ് പിനാസ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം തന്നെ പാവാട ധരിച്ച് ക്ലാസ്മുറിയില്‍ നില്‍ക്കുന്ന തന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

ജോസ് പിനാസിനെ പോലെ വേറെയും അധ്യാപകര്‍ ഈ മുന്നേറ്റത്തിനൊപ്പം പരസ്യമായി അണിനിരക്കുകയാണ്. വിവിധ ഹൈസ്‌കൂളുകളില്‍ നിന്നായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘങ്ങളും പ്രതിഷേധം തുടരുന്നുണ്ട്.

ആദ്യത്തെ പ്രതിഷേധ പരിപാടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കരുതിയത്, ഞങ്ങള്‍ തീരെ ചെറിയ വിഭാഗമാണെന്നായിരുന്നു. എങ്കിലും ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്യണമെന്ന് തന്നെ വിശ്വവസിച്ചു. ഇപ്പോള്‍ നിരവധി പേര്‍, അധ്യാപകരടക്കം ഞങ്ങള്‍ക്കൊപ്പമുണ്ട്. കണക്കും, ചരിത്രവും, ഭാഷയും പഠിക്കണമെന്ന് ഈ വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളോട് പറയുന്നുണ്ട്. എന്നാല്‍ തുല്യത പോലെ അത്രയും പ്രധാനപ്പെട്ടൊരു പാഠം ഞങ്ങളെ പഠിപ്പിക്കാന്‍ ആരുമില്ല…’- പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി ലിയ മെന്‍ഡ്വിന ഒട്ടെരോ പറയുന്നു.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ സ്‌കൂളില്‍ ‘ലിംഗനീതി’ എന്നൊരു വിഷയം കൂടി പാഠ്യവിഷയമായി കൊണ്ടുവന്നുവെന്നും അത് വലിയ വിജയമായി കരുതുന്നുവെന്നും ഒട്ടെരോ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week