ന്യൂഡൽഹി: ബിഹാർ (Bihar) മുൻ മുഖ്യമന്ത്രിയും ആർജെഡി (RJD) സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ (Lalu Prasad Yadav) ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വിയാദവ് (Tejashwi Yadav). നേരത്തേ ലാലു പ്രസാദ് യാദവിനെ ദില്ലിയിലെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ചയാണ് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്.
അദ്ദേഹത്തിന് അണുബാധ കൂടുന്നതായാണ് മകൻ തേജസ്വി യാദവ് വ്യക്തമാക്കുന്നത്. “ലാലു പ്രസാദ് യാദവ്ജി ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ്. റാഞ്ചിയിൽ ആയിരുന്നപ്പോൾ 4.5 ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ ക്രിയാറ്റിൻ ലെവൽ. ദില്ലിയിൽ പരിശോധിച്ചപ്പോൾ അത് 5.1 ആയി ഉയർന്നു. വീണ്ടും പരിശോധിച്ചപ്പോൾ 5.9 ആയി. അണുബാധ വർദ്ധിക്കുന്നു.” – തേജസ്വി വ്യക്തമാക്കി.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) റഫർ ചെയ്തതിന് ശേഷം 73 കാരനായ ലാലു യാദവിനെ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദില്ലിയിലെ എയിംസിൽ എത്തിച്ചു. അദ്ദേഹം രാത്രി മുഴുവൻ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിഹാർ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ലാലു യാദവിനെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഡോറണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ അപഹരിച്ച കേസിൽ അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൂന്ന് തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2017 മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്, എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം കൂടുതൽ സമയവും റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരിയിലാണ് അദ്ദേഹത്തെ ദില്ലിയിലെ എയിംസിൽ എത്തിച്ചത്.