തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം നിലനില്‍ക്കുന്നതിനാലാണ് ഇത്. മാര്‍ച്ച് മുതല്‍ മെയ് വരെ ലാ നിന തുടരും. സമുദ്രോപരിതലത്തിലെ ഊഷ്മാവ് സാധാരണയിലും കുറഞ്ഞിരിക്കുന്ന പ്രതിഭാസമാണ് ഇത്.
കേരളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ കൂടുതല്‍ പകല്‍ ചൂട് അനുഭവപ്പെട്ടത് കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ്. ആലപ്പുഴയില്‍ ദീര്‍ഘകാല ശരാശരിയില്‍ നിന്ന് 3.3 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് 2.1 ഡിഗ്രിയുമാണ് ചൂട് കൂടി നില്‍ക്കുന്നത്.
ചൊവ്വാഴ്ചയും ആലപ്പുഴയിലും, കോട്ടയത്തും ചൂട് പതിവിലും രണ്ട് ഡിഗ്രി മുതല്‍ മൂന്ന് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ തമിഴ്നാട്ടില്‍ പരമാവധി ചൂട് പതിവിലും 0.35 ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കും. കര്‍ണാടകത്തില്‍ 0.57 ഡിഗ്രിയും, ആന്ധ്രാപ്രദേശില്‍ 0.33 ഡിഗ്രിയും വില കുറയും.
ചൂടില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനത്തിന് സാധ്യതയുള്ളത് ഒഡീഷയിലും ഛത്തീസ്ഗഡിലുമാണ്. ഒഡീഷയില്‍ 0.66 ഡിഗ്രിയും, ഛത്തീസ്ഗഡില്‍ 0.8 ഡിഗ്രിയും ചൂട് കൂടും.