26.8 C
Kottayam
Monday, April 29, 2024

കുവൈത്തിലേക്ക് പോകുന്നത് ഈ വിസയിലേക്കോ? ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക; നിർദേശവുമായി എംബസി

Must read

കുവൈറ്റ്: വർക്ക് വിസയിലോ ലേബർ വിസയിലോ കുവൈറ്റിലേക്ക് വരുന്ന എല്ലാ ഇന്ത്യൻ ഡ്രൈവർമാർക്കും പ്രത്യേക നിർദേശം നല്‍കി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിൽ ‘റെസ്റ്റോറന്റ് ഡ്രൈവർമാരായി’ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എംബസി നിർദേശം നല്‍കിയിരിക്കുന്നത്.

ആദ്യം ‘ഡെലിവറി ഡ്രൈവർമാരെ’ മാത്രമായിരുന്നു അഡ്രസ് ചെയ്തിരുന്നതെങ്കില്‍ പിന്നീട് ‘ഫുഡ് പ്ലാറ്റ്‌ഫോമുകൾക്കുള്ള റൈഡർമാരേയും’ നിർദേശത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ‘കണ്‍സ്യൂമർ ഓർഡറുകൾ’, ‘കൺസ്യൂമർ ഗുഡ്‌സ്’ അല്ലെങ്കിൽ ‘ഓർഡറുകൾ ഡെലിവറി’ തുടങ്ങിയ പേരുകളുള്ള തൊഴിലാളികള്‍ സാധാരണയായി ‘ഫുഡ് ഡെലിവറി അഗ്രഗേറ്റർ’ ആണെന്ന് കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതാണെന്നാണ് എംബസി വ്യക്തമാക്കുന്നത്.

ഇവർ പലപ്പോഴും ഡെലിവറികൾക്ക് ഇരുചക്രവാഹനങ്ങളും മറ്റും ഉപയോഗിച്ച് വരുന്നു. ഡെലിവറി ഡ്രൈവർമാർക്ക് ഒരു സ്മോൾ-ടു-മീഡിയം എന്റർപ്രൈസസ് (എസ്എംഇ) വിസയാണ് നൽകുന്നത്. റിലീസ്/ട്രാൻസ്ഫർ വ്യവസ്ഥകളൊന്നുമില്ലാതെ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാൻ അവരെ ഈ വിസ നിർബന്ധിതമാക്കുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.

മൂന്ന് വർഷത്തിന് ശേഷം മാത്രമായിരിക്കും, തൊഴിലാളികൾക്ക് മറ്റൊരു എസ്എംഇ തൊഴിലുടമയിലേക്ക് മാറാനോ ഇന്ത്യയിലേക്ക് മടങ്ങാനോ അവസരം ലഭിക്കുക. ഡെലിവറി ടാർഗെറ്റുകളും ദൂരവും അടിസ്ഥാനമാക്കിയാവും കമ്പനികൾ ജീവനക്കാർക്ക് കമ്മീഷൻ നൽകുക. അതേസമയം തന്നെ നിശ്ചിത പ്രതിമാസ വരുമാനമില്ലാത്തവർക്ക് തെറ്റായ വാഗ്ദാനങ്ങള്‍ ചില ഏജന്റുമാരുടെ ഭാഗത്ത് നിന്നും ലഭിച്ചേക്കും.

ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികൾ കരാർ വിശദമായി വായിച്ച് മനസ്സിലാക്കിയിരിക്കണം. തൊഴിലുടമകൾ മിനിമം ജോലി സമയം, ഓവർടൈം വേതനം, അവധിക്കാല അവകാശങ്ങൾ, ആരോഗ്യ സുരക്ഷ, വൈകല്യ നഷ്ടപരിഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

കുവൈറ്റിലെ തൊഴിലാളികൾക്ക് വർഷത്തിലെ ചില മാസങ്ങളിൽ കൊടും ചൂടും പൊടിക്കാറ്റും പോലുള്ള കഠിനമായ കാലാവസ്ഥ നേരിടേണ്ടി വന്നേക്കാം. ഇത് നേരിട്ടുകൊണ്ട് വേണ്ടി വരും ജോലി പൂർത്തികരിക്കാന്‍ എന്ന കാര്യം മറക്കാതിരിക്കുക. തൊഴിലാളികൾക്ക് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി മെഡിക്കൽ/അപകട ഇൻഷുറൻസ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും എംബസി നിർദ്ദേശിക്കുന്നു .

ഡെലിവറി റൈഡർമാർ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കുവൈറ്റിന്റെ തൊഴിൽ നിയമം അനുസരിച്ച് എംബസി സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാറുകൾ നേടിയിരിക്കണം. ഈ കരാർ പ്രകാരം മിനിമം വേതനം 120 ദിനാർ ആയിരിക്കും. കുവൈറ്റിലെ എംബസി മുഖേനയുള്ള തൊഴിൽ കരാറിന്റെ സാക്ഷ്യപ്പെടുത്തലിൽ, കുവൈറ്റ് തൊഴിലുടമ നൽകുന്ന വൈകല്യം, അപകടം അല്ലെങ്കിൽ മരണ നഷ്ടപരിഹാരം എന്നിവയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുന്നു.

പിഒഇ ഓഫീസിൽ നിന്ന് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമ്പോൾ തൊഴിലാളികൾക്ക് പ്രവാസി ഭാരതീയ ബീമാ യോജനയിൽ നിന്ന് (പിബിബിവൈ) അധിക ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.തൊഴിൽ പരാതികൾ അല്ലെങ്കിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന്, വ്യക്തികൾ ആദ്യം പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ (PAM) ഒരു ഔപചാരിക പരാതി രജിസ്റ്റർ ചെയ്യണം.

പരാതികൾക്കായി ഇന്ത്യൻ എംബസിയുടെ ലേബർ ഹെൽപ്പ്‌ഡെസ്‌കിനെ നേരിട്ടോ വാട്ട്‌സ് ആപ്പ് ഹെൽപ്പ്‌ലൈൻ നമ്പർ. 6550 1769 വഴിയോ ബന്ധപ്പെടാവുന്നതാണ്. PAM (Shoun) ഓഫീസും ലേബർ കോടതികളും എല്ലാ തൊഴിൽ പരാതികളും സിവിൽ തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള പ്രാഥമിക മാർഗങ്ങളാണ്. കുവൈറ്റ് പോലീസിൽ മോഷണമോ വിശ്വാസ ലംഘനമോ റിപ്പോർട്ട് ചെയ്താല്‍ ക്രിമിനൽ കുറ്റങ്ങളും ലേബർ കോടതി പരിഹരിക്കുന്നത് വരെ യാത്രാ നിരോധനം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week