EntertainmentKeralaNews

കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം;’ഭ്രമയുഗ’ത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍

കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചലച്ചിത്രം ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും. ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാദീനിക്കും എന്നും ഹര്‍ജിയില്‍ പറയുന്നു. കുഞ്ചമണ്‍ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചുവെന്നാണ് വിവരം. 

തങ്ങളുടെ കുടുംബപ്പേര് ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും, സമൂഹത്തിന് മുന്‍പാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഭ്രമയുഗത്തില്‍ ഉപയോഗിച്ച തങ്ങളുടെ കുടുംബ പേര് അടക്കം മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവന്‍ ആണ്. ഇന്ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും എക്സ്ട്രാ ഷോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൊത്തം അഞ്ച് ഭാഷകളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം ഇന്നലെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ ട്രെയിലറും റിലീസ് ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button