ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിലോടുന്ന ആർ.എസ്.എ. 220 കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിൽ ആദ്യമായി കയറുന്നവർ അദ്ഭുതപ്പെട്ടുപോകും. ബസിനകത്ത് സി.സി.ടി.വി. ക്യാമറകൾ, എൽ.ഇ.ഡി. ഡിസ്പ്ലേ, മുന്നിൽ പൂമാല. പിന്നെ, അങ്ങിങ്ങായി ചിരിക്കുന്ന ഇമോജികൾ പതിപ്പിച്ച ചെറിയ പന്തുകളും കമ്പിയിൽ പലയിടങ്ങളിലായി തത്തിക്കളിക്കുന്ന പാവക്കുഞ്ഞുങ്ങളും വൃത്തിയുള്ള ഇരിപ്പിടങ്ങളും അകത്തളവും.
ഈ ഓർഡിനറി ബസിനെ സ്വന്തം കീശയിലെ കാശുകൊണ്ടു ‘മൊഞ്ചത്തി’യാക്കി നിലനിർത്തുന്നതു ദമ്പതിമാരായ ഡ്രൈവർ ഗിരിയും കണ്ടക്ടർ താരയുമാണ്. ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരാണ് തോട്ടപ്പള്ളി വേലഞ്ചിറത്തോപ്പിൽ ഗിരി ഗോപിനാഥും മുതുകുളം താരനിലയത്തിൽ താരയും. കെ.എസ്.ആർ.ടി.സി.യെന്നത് ഇരുവർക്കും ജീവനോപാധിക്കപ്പുറം 20 വർഷത്തിലധികം നീണ്ടപ്രണയത്തിന്റെയും ഒന്നാകലിന്റെയും ഒന്നിച്ചുജോലിചെയ്യാൻ കഴിയുന്നതിന്റെയും അടയാളം കൂടിയാണ്.
സ്വകാര്യസ്ഥാപനത്തിൽ ഒന്നിച്ചുജോലിചെയ്തിരുന്ന ഗിരിയും താരയും 2000 മുതൽ ഇഷ്ടത്തിലായിരുന്നു. വീട്ടുകാരുടെ ചെറിയ എതിർപ്പു കാരണം വിവാഹം നീണ്ടുപോയി. അതിനിടെ 2007-ൽ ഗിരിക്ക് കെ.എസ്.ആർ.ടി.സി. ഹരിപ്പാട് ഡിപ്പോയിൽ ഡ്രൈവറായി ജോലികിട്ടി. പിന്നാലെ ഹരിപ്പാട്ടുതന്നെ കണ്ടക്ടറായി ജോലി നേടിയെത്തിയ താരയ്ക്കു ഗിരി ഓടിക്കുന്ന ബസിൽത്തന്നെ ജോലിചെയ്യാൻ അവസരവും ലഭിച്ചു. തുടർന്ന് 10 വർഷത്തോളം ഒരേ ബസിൽ ഒന്നിച്ചുജോലിചെയ്ത ഇരുവരും 2020 ഏപ്രിൽ അഞ്ചിനാണു വിവാഹിതരായത്.
പ്രണയകാലത്ത് ഒന്നിച്ചുള്ള യാത്രയുടെ സന്തോഷത്തിലാണ് ഇരുവരും ബസ് അലങ്കരിച്ചുതുടങ്ങിയത്. വിവാഹംകഴിഞ്ഞിട്ടും അതു മുടക്കിയില്ല. ‘മൊഞ്ചത്തി’ എന്ന് അനൗദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ ബസിൽ ഇവർ മൂന്നുവർഷമായി ജോലി ചെയ്യുന്നു. ജോലിയുള്ള ദിവസം ഇരുവരും പുലർച്ചേ രണ്ടുമണിയോടെ സ്റ്റേഷനിലെത്തും. രണ്ടു മണിക്കൂറോളമെടുത്ത് ബസ് കഴുകി വൃത്തിയാക്കും. രാവിലെ അഞ്ചരയ്ക്കാണ് ഹരിപ്പാട്ടുനിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യസർവീസ്. അപ്പോഴേക്കും മാലയിട്ടും പൂക്കളും പാവകളും വർണച്ചരടുകളുമെല്ലാം കെട്ടി ബസ് അലങ്കരിച്ചിരിക്കും. ആലപ്പുഴയ്ക്കും കരുനാഗപ്പള്ളിക്കും ഇടയ്ക്കുള്ള സർവീസ് തീരുമ്പോൾ രാത്രി എട്ടരയാകും. യാത്രയുടെ ഇടനേരങ്ങളിലാണു വീട്ടുകാര്യങ്ങൾ സംസാരിക്കുന്നതെന്നു ഗിരിയും താരയും പറയുന്നു.
മോഷണം തടയാനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി അടുത്തിടെയാണ് ഇവർ ബസിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. മുന്നിലും പിന്നിലും ഓരോന്നും ഉള്ളിൽ നാലെണ്ണവും. ചൂണ്ടാമെന്നു കരുതി ആരും ബസിൽ വലിഞ്ഞു കയറേണ്ടാ, രാത്രിയിൽ അവയഴിച്ചുവെക്കും.