NationalNews

നൂപുർ ശർമയുടെ വിഡിയോ പങ്കുവച്ചു; യുവാവിനെ മൂന്നംഗ സംഘം കുത്തി, ഗുരുതര പരുക്ക്,നൂപുറിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പട്ന :പ്രവാചകനിന്ദ വിവാദത്തിലുൾപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന്റെ പേരിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരുക്കേൽപിച്ചു. ബിഹാറിലെ സീതാമഡി ജാഹിദ്പുരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ആറു കുത്തുകളേറ്റ അങ്കിത് ഝായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അങ്കിത് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

മുഹമ്മദ് ബിലാലും രണ്ടു കൂട്ടാളികളും ചേർന്നാണ് അങ്കിതിനെ ആക്രമിച്ചതെന്ന് പിതാവ് മനോജ് ഝാ പറഞ്ഞു. പാൻ കടയ്ക്കു സമീപം നിൽക്കുകയായിരുന്ന അങ്കിതിനെ മൂന്നംഗ സംഘം വളയുകയായിരുന്നു. നൂപുർ ശർമയുടെ അനുയായിയാണോ എന്നു ചോദിച്ച ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ സ്ഥലം വിടാൻ ശ്രമിച്ച അങ്കിതിനെ മുഹമ്മദ് ബിലാലിനൊപ്പമുണ്ടായിരുന്ന രണ്ടു പേർ പിടിച്ചുവയ്ക്കുകയും ബിലാൽ കത്തിയെടുത്തു കുത്തുകയും ചെയ്തെന്നാണ് കേസ്.

സംഭവ സ്ഥലത്തുണ്ടായിരുന്നവർ ബൈക്കിലാണ് അങ്കിതിനെ ആശുപത്രിയിലെത്തിച്ചത്. അങ്കിതിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയപ്പോൾ നൂപുർ ശർമയുടെ പേര് ഒഴിവാക്കിയാലേ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയുള്ളൂവെന്നു നിർബന്ധം പിടിച്ചതായും ആക്ഷേപമുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് കോടതി പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്.  നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ അതെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.

കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാൻ വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു. 

ആരാണ് നുപുർ ശർമ്മ ?

അഭിഭാഷകയാണ് നുപുർ ശർമ്മ. ബിജെപി നേതാവും പാർട്ടി വക്തമാവുമായിരുന്നു. മെയ് 28ന് നുപുർ ശർമ്മ ഒരു ടെലിവിഷൻ വാർത്താ ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന, 20 പൊലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റ, സംഘർഷം ഉടലെടുത്തത് ഈ പ്രസ്താവനകളിൽ നിന്നായിരുന്നു. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച നൂപുർ ബിജെപിയുടെ പ്രമുഖ മുഖമാണ്. വിവാദം കത്തിപ്പടർന്നതോടെ തന്റെ പ്രസ്താവന പിൻവലിക്കുന്നതായി നുപുർ ട്വീറ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker