ടിക്കറ്റെടുക്കില്ല, മദ്യം വാങ്ങുമ്പോള്‍ നികുതി നല്‍കുന്നുണ്ട്; മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറത്ത് മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരുക്ക്. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് പരുക്കേറ്റത്. മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ് സംഭവം. മദ്യപാനി കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു.

ബസ് കൂലി ആവശ്യപ്പെട്ടതിനാലാണ് സന്തോഷിനെ മദ്യപാനി കല്ലെറിഞ്ഞത്. മദ്യപിച്ച് ബസില്‍ കയറിയ ആള്‍ ആദ്യം ടിക്കറ്റ് എടുക്കാന്‍ സമ്മതിച്ചില്ല. മദ്യം വാങ്ങുമ്പോള്‍ നികുതി നല്‍കുന്നുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. ശേഷം ഇയാളെ ബസിലുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. തൊട്ടുപിറകെ ഇയാള്‍ ബസിന് കല്ലെറിയുകയായിരുന്നു.

ഇതോടെ ബസ് നിര്‍ത്തി യാത്രക്കാരും ഡ്രൈവറും ഇറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഏറുകൊണ്ട് രക്തം വാര്‍ന്ന നിലയില്‍ കണ്ടക്ടറെ ഉടന്‍തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യാത്രക്കാരും കണ്ടക്ടറും അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News