സല്യൂട്ട് നല്‍കിയില്ല, ആനി ശിവയെ സി.കെ ആശ എം.എല്‍.എ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചു! വിശദീകരണവുമായി എം.എല്‍.എ

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പോലീസ് ഉദ്യോഗസ്ഥ ആനി ശിവയെ പ്രബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫീസീല്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്‌സ്ബുക് കുറിപ്പ്. എന്നാല്‍, പ്രചാരണം തെറ്റാണെന്ന് സി.കെ.ആശയും സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്‌ഐ ആനി ശിവയും പറഞ്ഞു.

‘നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഒരുദിവസം രാത്രിയാണ് സംഭവം. എന്‍സിസി യൂണിഫോമില്‍ ഒരാള്‍ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്‍സിസി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്നു പറഞ്ഞു. പോലീസുകാര്‍ക്ക് പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.

ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നല്‍കി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎല്‍എ ആണെന്നു മനസ്സിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ ആയിരുന്നു. അതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് അവര്‍ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്.’ സി. കെ ആശ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News