തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട എം ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കി. ഐ.എ.എസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്നാണ് കെ ആര്‍ ജ്യോതിലാലിനെ നേരത്തെ പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയത്.
ഗതാഗത-ദേവസ്വം വകുപ്പ് സെക്രട്ടറിയായാണ് ജ്യോതിലാലിനെ മാറ്റി നിയമിച്ചിരുന്നത്. ബിജെപി. സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജ്യോതിലാല്‍ രാജ്ഭവന് അയച്ച കത്താണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇടഞ്ഞ ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ല.ഉദ്യോഗസ്ഥനെ വകുപ്പില്‍ നിന്നും മാറ്റിയാലേ നയപ്രഖ്യാപനം അംഗീകരിക്കൂ എന്ന ഗവര്‍ണറുടെ നിലപാടിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
അങ്ങനെയാണ് ജ്യോതിലാലിനെ പൊതുഭരണവകുപ്പില്‍ നിന്നും മാറ്റുന്നത്. അദ്ദേഹത്തെ മാറ്റിയതിന് പിന്നാലെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയും ചെയ്തു.നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍പ്പെട്ട് സസ്പെന്‍ഷനിലായ എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെയെത്തിയപ്പോള്‍ സ്പോര്‍ട്സ്-യുവജന കാര്യ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരുന്നത്.
ഇപ്പോള്‍ മൃഗസംരക്ഷണവകുപ്പ്, മൃഗശാല, ക്ഷീരവികസന വകുപ്പുകളുടെ അധിക ചുമതല കൂടി നല്‍കി.ടിങ്കു ബിസ്വാളിനെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറിയായി നിയമിച്ചു. അജിത് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും, കെ എസ് ശ്രീനിവാസിനെ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.