കോഴിക്കോട്ട് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് സംഘം കടന്നു
കോഴിക്കോട്: രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിരുന്ന ദമ്പതികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കോഴിക്കോട് താമരശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരേയും കാറിൽ കയറ്റിക്കൊണ്ടുപോത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു.
പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.
ഇന്നലെ രാത്രി ഒൻപതോടെ ഷാഫി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം ഇരുവരുമായി കടന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നുകളഞ്ഞു. സാനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഇരുവരും വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോയത്. കാറിൽ സ്ഥലമില്ലാതിരുന്നതിനാൽ ഭാര്യയെ അൽപം ദൂരം കഴിഞ്ഞ് വഴിയിൽ ഇറക്കിവിട്ട സംഘം ഭർത്താവിനെയും കൊണ്ടു പോയി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
ഷാഫിയെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് സാനിയ പറഞ്ഞു. ഡോർ അടയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചുദൂരം പോയ ശേഷമാണ് തന്നെ വഴിയിൽ ഇറക്കിവിട്ടതെന്നും സംഘം മുഖംമൂടി ധരിച്ചിരുന്നെന്നും സാനിയ പറഞ്ഞു. കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു.
അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽതന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു.