CrimeKeralaNews

ട്രെയിൻ തീവയ്പ്: പ്രതി ഇരുമ്പനത്തും?; ബ്രഹ്മപുരം തീപിടിത്ത കേസിലും കൂടുതൽ അന്വേഷണം,ദുരൂഹത വര്‍ദ്ധിപ്പിച്ച് ഡയറി

കൊച്ചി: കോഴിക്കോട് ട്രെയിൻ തീവയ്പു കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്നു കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവന്നതോടെയാണ് ഇയാളോടു രൂപസാദൃശ്യമുള്ളയാളെ ഇരുമ്പനത്തു കണ്ടതായി വിവരം ലഭിച്ചത്.

ഇതോടെ ബ്രഹ്മപുരം തീപിടിത്ത കേസിലും കൂടുതൽ അന്വേഷണത്തിനു വഴിയൊരുക്കി. മാലിന്യക്കൂമ്പാരത്തിനു സ്വയം തീപിടിച്ചതാണെന്നും ആരോ തീകൊളുത്തിയതാണെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണു കോഴിക്കോട് കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സാന്നിധ്യം ഇരുമ്പനത്ത് കണ്ടെത്തിയത്.

ഒരു പേജിൽ പലതവണ ‘ഷാറുഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് എഴുതിയ നോട്ട് ബുക്കാണ് എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗിൽ കണ്ടെത്തിയത്. ഷാറുഖ് സെയ്ഫി കാർപെന്റർ എന്ന പേരെഴുതിവച്ച പേജിന്റെ തൊട്ടടുത്ത പേജിൽ ഇതിന്റെ ചുരുക്കരൂപമായ ‘എസ്എസ്‌സി’ എന്ന് ലോഗോ വരച്ചുണ്ടാക്കിയിട്ടുണ്ട്. നോയിഡയിലെയും ഇന്ദിര മാർക്കറ്റിലെയും ചില കണക്കുകളും എഴുതിയിട്ടുണ്ട്.

ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. ചുവന്നചട്ടയുള്ള 50 പേജ് നോട്ട് ബുക്കിൽ നിറയെ ഡയറിക്കുറിപ്പുകളാണ്. തെറ്റില്ലാത്ത ഇംഗ്ലിഷിലാണ് ഓരോ ദിവസത്തെയും പ്രവൃത്തികൾ എഴുതിവച്ചിരിക്കുന്നത്.‘ഫക്രുദീൻ കാർപെന്റർ’ എന്നൊരു പേരും ‘കാഫിർ കാർപെന്റർ’ എന്നും എഴുതിയിട്ടുണ്ട്.

ഒരു ദിവസം തനിക്കു ലഭിച്ചത് 500 രൂപയെന്നും തന്റെ ചെലവ് 132 രൂപയെന്നും എഴുതിയിട്ടുണ്ട്. ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട്പാഡിൽ ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളും എഴുതിയിട്ടുണ്ട്.

നോട്ട്പാഡിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥലപ്പേരുകൾ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴക്കൂട്ടം, തുമ്പ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേ പ്രൊ‍ട്ടക്​ഷൻ ഫോഴ്സ് (ആർപിഎഫ്) കഴക്കൂട്ടം, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളിലെ സി‍സിടിവി ക്യാമറകൾ പരിശോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button