32.3 C
Kottayam
Monday, April 29, 2024

‘എന്റെ അഭിപ്രായസ്വാതന്ത്ര്യം എനിക്കു തിരിച്ചുവേണം’ ഐ.എ.എസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണന്‍ ഗോപിനാഥ്

Must read

മുംബൈ: ഐഎഎസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദശിയായ കണ്ണന്‍ ഗോപിനാഥ്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ബുധനാഴ്ചയാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് രാജി സമര്‍പ്പിച്ചത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് കണ്ണന്റെ രാജി. എന്റെ അഭിപ്രായസ്വാതന്ത്ര്യം എനിക്കു തിരിച്ചുവേണം. എനിക്ക് എന്നെപ്പോലെ ജീവിക്കണം. അത് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്നാണ് രാജിക്ക് ശേഷം കണ്ണന്‍ പറഞ്ഞത്.

ഞാന്‍ എന്താണു ചെയ്യുന്നതെന്നു നിങ്ങള്‍ ചോദിച്ചാല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഒരു സംസ്ഥാനത്തിനു മുഴുവനായി വിലക്കേര്‍പ്പെടുത്തുകയും, അവരുടെ മൗലികാവകാശങ്ങള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍, ഞാന്‍ രാജിച്ചു എന്നെങ്കിലും എനിക്കു പറയാന്‍ കഴിയണം. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഞാന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്. എന്നാല്‍ ഇവിടെ എനിക്ക് എന്റെ ശബ്ദം പോലും നഷ്ടപ്പെട്ടിരിക്കുന്നു- ഐ.ഇ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ കണ്ണന്‍ പറഞ്ഞു.

എന്തുകൊണ്ടു രാജിവച്ചു എന്നതല്ല ചോദ്യം, എങ്ങനെ രാജിവയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. എന്റെ രാജി എന്തെങ്കിലും അനന്തരഫലം സൃഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ രാജ്യം ഒരു മോശം കാലട്ടത്തിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ എന്തു ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചാല്‍, അവധിയെടുത്ത് യുഎസില്‍ ഉന്നതപഠനത്തിനു പോയി എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജോലി രാജി വയ്ക്കുന്നതു തന്നെയാണു നല്ലത്- കണ്ണന്‍ പറഞ്ഞു.

സിസ്റ്റത്തില്‍നിന്നുകൊണ്ട് സിസ്റ്റത്തിനു മാറ്റം വരുത്തണമെന്നു നാം പറയാറുണ്ട്. താന്‍ അതിനായി പരമാവധി ശ്രമിച്ചു. ഈ സംവിധാനം ശരിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ല. താന്‍ എന്തുചെയ്തു എന്ന് ജനങ്ങള്‍ക്കറിയാം. എന്നാല്‍ അതുമാത്രം പോര. തനിക്ക് സമ്പാദ്യങ്ങളില്ല. സര്‍ക്കാര്‍ കെട്ടിടത്തിലാണ് ഇപ്പോഴും കഴിയുന്നത്. ഇപ്പോള്‍ പോകാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങോട്ടുപോകണമെന്നുപോലും തനിക്കറിയില്ല. ഭാര്യയ്ക്ക് ജോലിയുണ്ട്. അവര്‍ തന്നെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്നു. അതാണ് തന്റെ കരുത്തെന്നും കണ്ണന്‍ പറയുന്നു.

കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയമാണ് കണ്ണന്റെ രാജിക്കത്തില്‍ തീരുമാനമെടുക്കേണ്ടത്. മൂന്നുമാസമാണ് തീരുമാനമെടുക്കാനുള്ള സമയമായി അഖിലേന്ത്യാ സര്‍വീസ് ചട്ടത്തില്‍ പറയുന്നത്. ഇത്രയും കാലം കൂടി കണ്ണന്‍ ഗോപിനാഥന് സര്‍വീസില്‍ തുടരേണ്ടി വരും. കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി അവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഇദ്ദേഹം ചുമടെടുക്കുന്ന ചിത്രങ്ങളും പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്നുള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിരിന്നു. 2012 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 59-ാം റാങ്ക് നേടിയ കണ്ണന്‍ ഐഎഎസ് തെരഞ്ഞെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week