27.7 C
Kottayam
Thursday, March 28, 2024

പാലായില്‍ മത്സരം തീപാറും; ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍, നിഷ ജോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി?

Must read

കൊച്ചി: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് അടുത്ത മാസം 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം തീപാറും. ഇന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇടതുമുന്നണി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍.സി.പിയിലെ മാണി സി കാപ്പനാണ് ഇടത് സ്ഥാനാര്‍ത്ഥി. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനത്തില്‍ കേരളാ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതോടെ പാലായില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ചര്‍ച്ചയിലൂടെ ഇതിന് പരിഹാരം കാണാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞശേഷമായിരിക്കും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കുക.

1965 മുതല്‍ പാലാമണ്ഡലത്തെ പ്രതിനിധികരിച്ചത് കെ എംമാണിയാണ്. പതിമൂന്ന് തവണയാണ് കെഎം മാണി പാലായില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യണമെന്ന നിലപാട് ജോസ് കെ മാണി ആവര്‍ത്തിക്കും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് എടുക്കുന്ന നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.

പാലാ മണ്ഡലത്തില്‍ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാല മണ്ഡലവുമായുമായുള്ള വൈകാരിക ബന്ധം നിലനിര്‍ത്തിയാണ് ജോസ് കെ മാണി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇതിന് ഗ്രൂപ്പിനകത്ത് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനാടിയില്ലെന്നും അദ്ദേഹം കരുതുന്നു.എന്നാല്‍ നിഷ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ജോസഫ് ഗ്രൂപ്പ് കാലുവാരുമോയെന്ന ആശങ്കയും മാണി ഗ്രൂപ്പിനുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധത തെരഞ്ഞടുപ്പില്‍ നേട്ടമാകുമെന്നും പൊതുസമ്മതനെ നിര്‍ത്തി സീറ്റ് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും മാണി ഗ്രൂപ്പ് കരുതുന്നു.

എന്നാല്‍ ലോകസ്ഭാ തെരഞ്ഞടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഒരവസരമായാണ് പാലാ ഉപതെരഞ്ഞടുപ്പിനെ സിപിഎം കാണുന്നത്. ഇനിവരുന്ന നാളുകളെല്ലാം ഉപതെരഞ്ഞടുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനത്തിലേക്കുമുള്ള തെരഞ്ഞടുപ്പിന്റെയും നാളുകളാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് സീറ്റ് പിടിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ജോസഫ് വിഭാഗം വീണ്ടും ഇടതുമുന്നണിയിലേക്കെത്താനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5000ത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിക്കാണ് വിജയസാധ്യതയെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week