കോട്ടയം:ആശുപത്രിയിലെ ഖര മാലിന്യങ്ങൾ (Solid Waste)ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്നതിലൂടെ കോട്ടയം മെഡിക്കൽ കോളേജ് (Kottayam Medical College) കണ്ടെത്തുന്ന വരുമാനം പ്രതിമാസം ഒന്നര ലക്ഷത്തിലധികം രൂപ. കുടുംബശ്രീ പ്രവർത്തകരുമായി സഹകരിച്ചാണ് പ്രവർത്തനം. സംസ്ഥാന ശുചിത്വ മിഷന്റെ അംഗീകാരവും ഇവരെ തേടിയെത്തി.
നേരത്തെ ആശുപത്രിയിലെ മാലിന്യങ്ങൾ കുഴിച്ചിടുന്നതായിരുന്നു രീതി. ഇതു ഒഴിവാക്കി 2019 ലാണ് മാലിന്യ സംസ്കരണം തുടങ്ങിയത്. മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പേപ്പറുകൾ, കാർഡ് ബോർഡുകൾ തുടങ്ങിയവ ദിവസവും ശേഖരിക്കുകയാണ് ആദ്യ പടി. പിന്നീട് ഇവ പ്ലാസ്റ്റിക്കിന്റെ കനം അനുസരിച്ചു വേര്തിരിക്കും. ബൈലിങ് യന്ത്രത്തിലൂടെ ഇവ രൂപപ്പെടുത്തിയെടുത്തു പാക്ക് ചെയ്താണ് വിറ്റഴിക്കുന്നത്.
കാർഡ് ബോർഡ് വിൽപന നല്ല വരുമാനം ആണ് നൽകുന്നത്. ഇതിലൂടെ മാത്രം പ്രതി വർഷം 10 ലക്ഷം രൂപ ലഭിക്കും. ടെൻഡർ സ്വീകരിച്ചുള്ള വിൽപന ഈരാറ്റുപേട്ടയിലെ ഒരു കമ്പനി ആണ് ഏറ്റെടുത്തിരിക്കുന്നത്. കിട്ടുന്ന പണം ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കും.
ജൂനിയർ ഹെല്ത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 21 കുടുംബശ്രീ പ്രവർത്തകർ ആണ് ജോലി ചെയ്യുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ദിവസവും അര ടണ്‍ മാലിന്യം ഇവർ തരം തിരിക്കുന്നു.അടുത്ത ഘട്ടത്തിൽ ആശുപത്രിയെ കൂടാതെ ഹോസ്റ്റലുകളും മറ്റു കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുതാൻ ആണ് തീരുമാനം
സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കിയാരുന്നു.. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി – പിഎം – ജെഎവൈ – കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതിയും സ്വന്തമാക്കിയിരുന്നു.