കൊല്ലം: ഒന്നിനുപിന്നാലെ മറ്റൊന്നായി ദുരിതവും വേദനയും ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോഴും കൊല്ലം സുധി സദസ്സിനെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കൈക്കുഞ്ഞുമായി വേദികളില്‍നിന്ന് വേദികളിലേക്ക് പാഞ്ഞിട്ടുണ്ട് ആ ചെറുപ്പക്കാരന്‍.
മൂത്തമകന്‍ രാഹുലിനെ കൈക്കുഞ്ഞായിരിക്കെ സ്റ്റേജിനുപിന്നില്‍ ഉറക്കിക്കിടത്തി നാട്ടുകാരെ ചിരിപ്പിക്കാന്‍ വേദിയില്‍ എത്തിയിട്ടുണ്ടെന്ന് നിറകണ്ണുകളോടെ സുധി പറയാറുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്.
ചെറുപ്പകാലത്ത് അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി വീട് വില്‍ക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ആ കാലത്തും സുധി ചുറ്റുമുള്ളവരെ ചിരിപ്പിച്ചതേയുള്ളൂ. വേദനയുടെ കുത്തൊഴുക്കിലും അതെല്ലാം മറന്ന് സ്റ്റേജില്‍ മറ്റൊരാളായി മാറുമായിരുന്നു സുധി.
ലളിതഗാനം, ചലച്ചിത്രഗാനം മത്സരങ്ങളില്‍ കുഞ്ഞുനാളിലേ താരമായതാണ് സുധി. സ്‌കൂള്‍ കലോത്സവവേദികളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. കൊല്ലത്തും ചുറ്റുവട്ടങ്ങളിലുമുള്ള ക്ലബ്ബുകളില്‍ ഓണാഘോഷ പരിപാടികളിലും വാര്‍ഷികാഘോഷങ്ങളിലും പാട്ടുമത്സരങ്ങളിലെ തുടര്‍ച്ചയായ വിജയിയായി മാറി.
15 വയസ്സോടെ മിമിക്രിവേദികളിലെത്തി. സഹോദരന്‍ സുനിലും മിമിക്രി താരമായിരുന്നു. കൊല്ലത്ത് ഷോബി തിലകന്‍ നടത്തിയിരുന്ന കോമഡി ഷോ സംഘത്തില്‍ എട്ടുകൊല്ലത്തോളം ചേട്ടനും അനിയനും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ടി.വി. ഷോകളിലേക്കുപോയി.
ടി.വി.യിലും സിനിമയിലും താരമായശേഷവും നാടുമായുള്ള ബന്ധം കണ്ണിമുറിയാതെ സുധി സൂക്ഷിച്ചു. രണ്ടുകൊല്ലംമുമ്പ് ഭാര്യ രേണുവിന്റെ വീടായ ചങ്ങനാശ്ശേരി ഞാലിയാകുഴിയിലേക്ക് താമസം മാറ്റിയെങ്കിലും മാസത്തില്‍ ഒന്നോ രണ്ടോ തവണ കൊല്ലത്ത് എത്തുമായിരുന്നു.
അമ്മ ഗോമതിയെ കാണാന്‍ മുടങ്ങാതെ വീഡിയോ കോള്‍ ചെയ്യുമായിരുന്നു. ശനിയാഴ്ച വൈകീട്ടും വീഡിയോ കോളില്‍ അമ്മയോടും സഹോദരപുത്രിമാരായ ശ്രീലക്ഷ്മി, ശ്രീപാര്‍വതി എന്നിവരോടും സംസാരിച്ചിരുന്നു. അടുത്തദിവസംതന്നെ കൊല്ലത്തേക്കു വരുമെന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. സുധിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് തിങ്കളാഴ്ച രാവിലെമുതല്‍ കൊല്ലത്തെ വീട്ടിലേക്ക് ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.