CrimeKeralaNews

കൊല്ലത്തെ വനിതാ എ.പി.പിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കെെമാറി

തിരുവനന്തപുരം: കൊല്ലം പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രെെം ബ്രാഞ്ച് ഡി.വെെ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണർ ബുധനാഴ്ച പുറത്തുവിട്ടു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളടക്കമുള്ള വിവരങ്ങളെല്ലാം എഴുതിത്തയ്യാറാക്കിയിട്ടുണ്ടെന്നും ഇവയിൽ പറഞ്ഞിരുന്നു.

ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭർത്താവും ഈ നിലയിലെത്തിയത്. തെറ്റായൊന്നും ചെയ്തിട്ടില്ല. ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. തെറ്റിനു കൂട്ടുനിൽക്കാത്തതിന് നിരന്തരം മാനസികപീഡനം നേരിടുകയാണ്.

എന്തു ചെയ്യണമെന്നറിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഇതിൽ പറയുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക്‌ അയച്ചതാണ് ശബ്ദസന്ദേശങ്ങൾ. അനീഷ്യയുടെ ഭർത്താവ് അജിത്ത്കുമാർ മാവേലിക്കര സെഷൻസ് കോടതി ജഡ്ജിയാണ്.

അസ്വാഭാവികമരണത്തിന് പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, അഭിഭാഷകയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി അഭിഭാഷക സംഘടനകളും രാഷട്രീയ പാർട്ടികളും രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് കെെമാറാനുള്ള തീരുമാനം.

ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്നനിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button